ലക്‌നൗ: ഗര്‍ഭിണിയായ ദളിത് പെണ്‍കുട്ടിയെ സഹോദരന്റെ സഹായത്തോടെ പിതാവ് കൊലപ്പെടുത്തി. 14 വയസ്സ് പ്രായമുള്ള പെണ്‍കുട്ടി തന്റെ ഗര്‍ഭത്തിന് ഉത്തരവാദിയാരെന്ന് വെളിപ്പെടുത്താത്തതാണ് ഇവരെ ചൊടിപ്പിച്ചത്. ദുരഭിമാനകൊലയാണെന്ന് സംശയിക്കുന്നതായി ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു. '' തല ഛേദിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഷഹ്ജഹന്‍പൂരിലെ ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു'' എന്ന് പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍  പറഞ്ഞു. 

''അന്വേഷണത്തില്‍ പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായി. കുട്ടിക്ക് ആരുമായോ പ്രണയബന്ധമുണ്ടായിരുന്നുവെന്ന് സംശയിക്കുന്നു. പ്രാഥമികാന്വേഷണത്തില്‍ സംഭവം ദുരഭിമാനക്കൊലയാണ് ''  - പൊലീസ വ്യക്തമാക്കി. സെപ്തംബര്‍ 24നാണ് പെണ്‍കുട്ടിയെ കൊലചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ ബന്ധുക്കള്‍ പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നില്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

മകള്‍ ഗര്‍ഭിണിയായിരുന്നുവെന്നും ഗര്‍ഭത്തിന് ഉത്തരവാദി ആരെന്ന് ചോദിച്ചപ്പോള്‍ മകള്‍ മറുപടി നല്‍കിയില്ലെന്നും ഇതോടെയാണ് മകളെ കൊലപ്പെടുത്തിയതെന്നും പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം തല ഛേദിച്ച് മൃതദേഹം സമീപത്തെ ഓടയില്‍ ഒഴുക്കി. പെണ്‍കുട്ടിയുടെ മൂത്ത സഹോദരനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഇരുവര്‍ക്കുമെതിരെ കേസെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി.