നൈജീരിയയിൽ നിന്നുള്ള 31 കാരനെ കണ്ടെത്തി ചോദ്യം ചെയ്യലിനിടെ യുവതി ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള നോയിഡയിലെ ഒരു അപ്പാർട്ട്‌മെന്‍റിലാണ് താമസിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞു. 

ദില്ലി: ഇന്ത്യയില്‍ സന്ദര്‍ശനത്തിനിടെ തന്നെ തട്ടികൊണ്ട് പോയെന്ന വ്യാജ പരാതി ഉയര്‍ത്തിയ 27 കാരിയെ ദില്ലിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ സന്ദര്‍ശനത്തിനിടെ കൈയില്‍ കരുതിയ പണം തീര്‍ന്ന യുവതി തന്‍റെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് തന്നെ ആരോ 'ബ്ലാക്ക് മെയില്‍' ചെയ്യുന്നതിനായി തട്ടിക്കൊണ്ട് പോയതായി കളവ് പറയുകയായിരുന്നു. 

മെയ് 3 നാണ് യുവതി ഇന്ത്യയിലെത്തിയത്. കൈയിലെ പണം തീര്‍ന്നതിനെ തുടര്‍ന്ന് ജൂലൈ 7 നാണ് ഇവര്‍ അമേരിക്കയിലെ മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് തട്ടികൊണ്ട് പോകല്‍ നാടകം നടത്തിയത്. അമേരിക്കന്‍ സഞ്ചാരിയായ യുവതിയെ ഇന്ത്യയില്‍ നിന്ന് തട്ടികൊണ്ട് പോയതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ അവരുടെ കുടുംബത്തില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ യുഎസ് എംബസി ഇവരെ കണ്ടെത്താനുള്ള ശ്രമം തുടര്‍ന്നു. 

അമേരിക്കൻ സിറ്റിസൺ സർവീസിലേക്ക് യുവതി ഇമെയിൽ അയച്ച ഐപി വിലാസങ്ങൾ ഇതിനിടെ കണ്ടെത്തി. അതോടൊപ്പം യുവതി അമ്മയ്ക്ക് വീഡിയോ കോൾ ചെയ്തുവെന്ന് ഇന്ത്യൻ എക്സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്തു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ നൈജീരിയയിൽ നിന്നുള്ള 31 കാരനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ യുവതി ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള നോയിഡയിലെ ഒരു അപ്പാർട്ട്‌മെന്‍റിലാണ് താമസിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞു.

ഇവിടെ നിന്ന് ദില്ലി പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ മാതാപിതാക്കളെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് തട്ടിക്കൊണ്ട് പോയതായി പറഞ്ഞതെന്ന് അവര്‍ വെളിപ്പെടുത്തിയതായി ദില്ലി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമൃത ഗുഗുലോത്ത് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള യുവതി ഫേസ്ബുക്ക് വഴിയാണ് നൈജീരിയന്‍ യുവാവിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇന്ത്യയിലെത്തിയ ഇവര്‍ ഇയാൾക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ വിസയുടെയും യുവാവിന്‍റെ പാസ്‌പോർട്ടിന്‍റെയും കാലാവധി കഴിഞ്ഞതായും പൊലീസ് അറിയിച്ചു. മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ താമസിച്ചതിന് ഇരുവർക്കുമെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.