Asianet News MalayalamAsianet News Malayalam

ഉത്ര വധക്കേസ്: സൂരജിന്‍റെ അച്ഛൻ 3 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ, കുടുംബം കുരുക്കിലേക്ക്

ഭർത്താവിന്‍റെ വീട്ടിൽ ഉത്ര അനുഭവിക്കേണ്ടി വന്ന പീഡനങ്ങളിൽ ആ വീട്ടിലെ എല്ലാവര്‍ക്കും പങ്കാളിത്തമുണ്ട്. ഉത്രയുടെ കൊലപാതകത്തിന് ശേഷം തെളിവു നശിപ്പിക്കാൻ സൂരജിന്‍റെ അച്ഛനും അമ്മയും സഹോദരിയും ശ്രമിച്ചു. 

uthra murder sooraj father in crime branch custody
Author
Kollam, First Published Jun 2, 2020, 5:54 PM IST

കൊല്ലം: ഉത്ര വധക്കേസിൽ ഭര്‍ത്താവ് സൂരജിന്‍റെ കുടുംബം ഒന്നാകെ കരുക്കിലേക്ക്. ഗാര്‍ഹിക പീഡനവും കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിച്ചതിലും കുടുംബത്തിനാകെ പങ്കുണ്ടെന്ന നിഗമനത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം എത്തിയിട്ടുള്ളത്. തെളിവ് നശിപ്പിക്കൽ കുറ്റത്തിന് അറസ്റ്റിലായ സൂരജിൻ്റെ അച്ഛൻ സുരേന്ദ്രനെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പുനലൂർ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.

സൂരജിന്റെ അമ്മയേയും  സഹോദരിയേയും കസ്റ്റഡിയിലെടുത്ത  അന്വേഷണസംഘം  മണിക്കൂറുകളായി ചോദ്യം ചെയ്യുകയാണ്. ഭർത്താവിന്‍റെ വീട്ടിൽ ഉത്ര അനുഭവിക്കേണ്ടി വന്ന പീഡനങ്ങളിൽ ആ വീട്ടിലെ എല്ലാവര്‍ക്കും പങ്കാളിത്തമുണ്ട്. ഉത്രയുടെ കൊലപാതകത്തിന് ശേഷം തെളിവു നശിപ്പിക്കാൻ സൂരജിന്‍റെ അച്ഛനും അമ്മയും സഹോദരിയും ശ്രമിച്ചു തുടങ്ങിയ നിഗമനങ്ങളിലാണ് ഇപ്പോൾ അന്വേഷണ സംഘം ഉള്ളത്. കൊലപാതകത്തിന്‍റെ ആസൂത്രണത്തിൽ കുടുംബാംഗങ്ങൾക്കുള്ള പങ്ക് അറിയാൻ ശാത്രീയമായ ചോദ്യം ചെയ്യലുകളിലേക്ക് കടക്കുകയാണ് അന്വേഷണ സംഘം ഇപ്പോൾ. 

അതിനിടെ  സൂരജിന്റെ വീടിനുസമീപം കുഴിച്ചിട്ടിരുന്ന ആഭരണങ്ങൾ ഉത്രയുടേതാണെന്ന്  തിരിച്ചറിഞ്ഞു. 38 പവനാണ് വീടിന് സമീപത്ത് നിന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തിരുന്നത്. ഇത് ഉത്രയുടേയും കുഞ്ഞിന്‍റെതാണെന്നും ഉത്തരയുടെ 'അമ്മ മണിമേഖലയും സഹോദരൻ വിഷുവും ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി തിരിച്ചറിഞ്ഞു. ഉത്തരയുടെ വിവാഹ ആൽബവുമായി എത്തി ഒത്തുനോക്കിയാണ് ആഭരണങ്ങൾ തിരിച്ചറിഞ്ഞത്. 

ലോക്കറിൽ നിന്നെടുത്ത ഉത്രയുടെ സ്വർണം വിറ്റെന്ന് ആയിരുന്നു സൂരജ് ആദ്യം പറഞ്ഞത്.  കൂടുതൽ ചോദ്യം ചെയ്യലിൽ അച്ഛന്റെ അറിവോടെ പറന്പിൽ കുഴിച്ചിട്ടു എന്നറിയിച്ചു .അറസ്റ്റിലായ  അച്ഛനെ സുരേന്ദ്രനെ  ചോദ്യം ചെയ്തപ്പോൾ സൂരജിന്റെ അമ്മ രേണുകയുടെ   പങ്കും വെളിവായി . സഹോദരി സൂര്യക്കും  പങ്കുണ്ട് എന്ന സൂചനയും കിട്ടി. തുടർന്നാണ്  അടൂർ പറക്കോട്ടെ വീട്ടിലെത്തിയ അന്വേഷണ സംഘം ഇരുവരെയും  കസ്‌റ്റഡിയിലെടുത്തത്.

സൂരജിന്റെ കുടുംബത്തെ ഉത്തരയുടെ മാതാപിതാക്കൾക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു.  അന്വേഷണ ഗതിയിൽ പൂർണ്ണ തൃപ്തിയെന്ന് ഉത്തരയുടെ അച്ഛൻ വിജയ സേനൻ പ്രതികരിച്ചു.  സാഹചര്യ തെളിവുകൾ മാത്രമുള്ള ഈ അപൂർവ കൊലപാതക കേസ് കോടതിയിലേക്ക് എത്തുമ്പോൾ ദുര്‍ബലമാകരുതെന്ന നിർബന്ധം അന്വേഷണ സംഘത്തിനുണ്ട്. അതുകൊണ്ടുതന്നെ പഴുതടച്ച കുറ്റപത്രം കോടതിയിലെത്തിക്കാനാണ് തീരുമാനം.  നിയമോപദേശവും ശാസ്ത്ര വിദഗ്ധരുടെ സഹായവും അന്വേഷണ സംഘം നിരന്തരം തേടുന്നതും അതുകൊണ്ടുതന്നെ. 

Follow Us:
Download App:
  • android
  • ios