Asianet News MalayalamAsianet News Malayalam

സനു മോഹൻ മൂംകാംബികയിലുണ്ടെന്ന് ഉറപ്പിച്ചു; വ്യാപക തെരച്ചിൽ

കർണാടക പൊലീസിൻ്റെ സഹായത്തോടെ മൂകാംബികയിൽ ഇപ്പോൾ വ്യാപക തെരച്ചിൽ നടക്കുകയാണ്. അന്വേഷണ സംഘം മൂകാംബികയിലേക്ക് തിരിച്ചിട്ടുണ്ട്. 

vaiga death case sanu mohan is in mookambika confirms Karnataka police
Author
Kochi, First Published Apr 16, 2021, 11:40 PM IST

കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ വൈഗയെന്ന 13 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വഴിത്തിരിവ്. കാണാതായ അച്ഛൻ സനുമോഹൻ മൂകാംബികിയിലെത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞിരുന്ന സനുമോഹൻ ജീവനക്കാർക്ക് സംശയമുണ്ടായതിനെ തുടർന്ന് ലോഡ്ജിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. സനുമോഹനെ പിടികൂടാൻ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം മൂകാംബികയിലെത്തി.

പതിമൂന്ന് വയ്യസുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ചിട്ട് ഇന്നേക്ക് 26 ദിവസങ്ങൾ പിന്നിടുകയാണ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനിരിക്കെയാണ് മൂകാംബികയിൽ നിന്ന് കൊച്ചി സിറ്റി പോലീസിന് നിർണായക വിവരം ലഭിക്കുന്നത്. മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിലായിരുന്നു സനുമോഹൻ ഉണ്ടായിരുന്നത്. ലോഡ്ജിലെ ജീവനക്കാർ സനുമോഹനാണെന്ന് തിരിച്ചറിഞ്ഞതോടെ ബിൽ തുക പോലും നൽകാതെ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കർണാടക പൊലീസിനെ ജീവനക്കാർ വിവരമറിയിക്കുകയായിരുന്നു. സിസിടിവി പരിശോധിച്ചതിൽ നിന്ന് സനുമോഹനാണെന്ന് സ്ഥിരീകരിക്കാനായി. 

കർണാടക പോലീസിന്‍റെ സഹായത്തോടെ മൂകാംബികയിൽ അന്വേഷണ സംഘം വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. സനുമോഹൻ മൂകാംബികയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ ജാഗ്രത നിർദേശവും നൽകി. സനുമോഹനെ കണ്ടെത്താൻ നാല് ഭാഷകളിൽ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. സനുമോഹനെ ഇന്ന് തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ സി എച്ച് നാഗരാജു അറിയിച്ചു. 

വൈഗയുടെ മൃതദേഹം കിട്ടിയ ദിവസം പിതാവ് സനുമോഹൻ വാളയാർ അതിർത്തി കടന്നതിന്‍റെ തെളിവുകൾ നേരത്തെ പൊലീസിന് കിട്ടിയിരുന്നു. തുടർന്ന് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊയമ്പത്തൂരിലും ചെന്നെയിലും പത്ത് ദിവസത്തോളം ക്യാമ്പ് ചെയ്ത് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സനുമോഹൻ സഞ്ചരിച്ചിരുന്ന വാഹനം പോലും കണ്ടെത്താനാവത്തതിനെ തുടർന്ന് അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios