Asianet News MalayalamAsianet News Malayalam

വള്ളികുന്നം അഭിമന്യു വധം: കൊലപാതകത്തിലേക്ക് നയിച്ചത് മുൻവൈരാഗ്യമെന്ന് കുറ്റപത്രം

വള്ളികുന്നത്തെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘം പറയുന്നു.

Vallikunnam Abhimanyu murder Chargesheet says Antagonism led to murder
Author
Kerala, First Published Jul 15, 2021, 6:12 PM IST

ആലപ്പുഴ: വള്ളികുന്നത്തെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘം പറയുന്നു.  എസ്എസ്എൽസി പരീക്ഷക്കിടെ കൊല്ലപ്പെട്ട അഭിമന്യു, ഫലം പുറത്തുവന്നപ്പോൾ എഴുതിയ നാല് വിഷയങ്ങളിലും വിജയിച്ചു.

കഴിഞ്ഞ വിഷു ദിനത്തിലാണ് വള്ളികുന്നം  പടയണിവെട്ടം ക്ഷേത്ര പരിസരത്ത് വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്.  സജയ് ജിത്ത്, ജിഷ്ണു തമ്പി, അരുൺ അച്യുതൻ, ആകാശ്, പ്രണവ്, ഉണ്ണികൃഷ്ണൻ, അരുൺ വരിക്കോലി എന്നിവരാണ് കേസിലെ പ്രതികൾ.

ഏഴാം പ്രതിയായ അരുൺ വരിക്കോലി ഇതുവരെ പിടിയിലായിട്ടില്ല. അഭിമന്യു ഡിവൈഎഫ്ഐ അനുഭാവിയും  പ്രതികൾ എല്ലാവരും ആർഎസ്എസ് അനുഭാവികളുമാണെന്ന് കുറ്റപത്രം പറയുന്നു.അഭിമന്യുവിന്റെ സഹോദരനും ഡിവൈഎഫ്ഐ പ്രവർത്തകനുമായ അനന്തുവിനോട് പ്രതികൾക്ക് മുൻ വൈരാഗ്യമുണ്ടായിരുന്നു. 

അനന്തുവിനെ തേടി ക്ഷേത്രപരിസരത്ത് എത്തിയ സംഘം തർക്കത്തിനിടെ അഭിമന്യുവിനെ കുത്തി വീഴ്‌ത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. 262 പേജുള്ള കുറ്റപത്രം കായംകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അഭിമന്യു പരീക്ഷ നടക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. നാലു പരീക്ഷകൾ മാത്രമാണ് എഴുതിയത്. നാലിലും വിജയിച്ചു.  എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്ന അതേ ദിവസമാണ് കുറ്റപത്രവും കോടതിയിലെത്തിയത്.

Follow Us:
Download App:
  • android
  • ios