Asianet News MalayalamAsianet News Malayalam

'3 വയസ് മുതൽ പീഡനം, ഒടുവിൽ 6 വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കി'; വണ്ടിപ്പെരിയാർ കൊലപാതകം, വിധി നാളെ

പ്രതി മൂന്നു വയസു മുതൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നത്.

Vandiperiyar rape-murder case kattappana fast track special court verdict tomorrow vkv
Author
First Published Dec 13, 2023, 8:23 PM IST

മൂന്നാർ: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ നാളെ വിധി പറയും.  കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രം സമർപ്പിച്ച് രണ്ടു വർഷത്തിനു ശേഷമാണ് കേസിൽ വിധി പറയുന്നത്. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കുട്ടി കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. 

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പ്രതി മൂന്നു വയസു മുതൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നത്. വണ്ടിപ്പെരിയാർ സി ഐ ആയിരുന്ന ടി ഡി സുനിൽ കുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.  

2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു.  കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ  വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ കേസിൻറെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ടു പേരും എസ് സിവിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല.  

കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചു. അടുത്തയിടെ കേസ് പരിഗണിച്ച കോടതി കുട്ടിയുടെ ജനന രജിസ്റ്റർ ഹാജരാക്കിയ വിവരം പ്രതിഭാഗത്തെ അറിയിക്കുകയും ഇത് സംബന്ധിച്ച് മറ്റെന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും നിർദ്ദേശിച്ചു. അനാവശ്യ പരാതികൾ നൽകി വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം ഇതുവരെ കോടതിയിൽ നടത്തിയത്. 

കഴുത്തിൽ ഷാൾ കുരുങ്ങിയാണ് പെൺകുട്ടി മരിച്ചതെന്ന് വരുത്തിത്തീർക്കാൻ പരമാവധി ശ്രമം പ്രതിഭാഗം നടത്തിയിട്ടുണ്ട്.  വിചാരണക്കിടെ പുതിയ ജഡ്ജി ചർജ്ജെടുത്തും വിധി പ്രസ്താവം വൈകിപ്പിച്ചു. തെളിവുകളും സാക്ഷി മൊഴികളും അനുകൂലമാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സ്പെഷ്യൽ പബ്സിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു.

Read More : 'ബലി' കൊടുക്കാൻ ഗർഭിണി, നിധി കണ്ടെത്താൻ ദുർമന്ത്രവാദം; 11 പേരെ കൊന്ന സീരിയൽ കില്ലർ പിടിയിൽ, ഞെട്ടി പൊലീസ്!

Latest Videos
Follow Us:
Download App:
  • android
  • ios