വർക്കല: സംസ്ഥാനത്തെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ ഒരാളെ കൊട്ടാരക്കരയില്‍ എക്സൈസ് പിടികൂടി.എംസി റോഡിലെ വാഹന പരിശോധനയില്‍ പിടിയിലായ വര്‍ക്കല സ്വദേശിയില്‍ നിന്ന് രണ്ടര കിലോ കഞ്ചാവും പിടിച്ചെടുത്തു.

വര്‍ക്കല പുതുവ സ്വദേശി ജിനുവാണ് അറസ്റ്റിലായത്. കരിക്കകം ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നടത്തിയ പരിശോധനയിലാണ് ജിനുവിനെ കഞ്ചാവുമായി പിടികൂടിയത്. തമിഴ്നാട്ടിലെ കമ്പത്തു നിന്ന് കഞ്ചാവ് വാങ്ങി സംസ്ഥാനത്തെ റിസോര്‍ട്ടുകളില്‍ എത്തിച്ച് വില്‍ക്കുകയായിരുന്നു ജിനുവിന്‍റെ പതിവെന്ന് എക്സൈസ് പറയുന്നു.

ജിനുവിനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ആയൂര്‍ തോട്ടത്തറ സ്വദേശിയായ ആള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്. ജിനു കഞ്ചാവ് വിറ്റിരുന്ന റിസോര്‍ട്ടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.