അലമാരയിലെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരി വലിച്ചിട്ട നിലയിലായിരുന്നുവെന്ന് പ്രദീപന്‍.

കോഴിക്കോട്: വടകര മേമുണ്ടയിലെ ചല്ലിവയലില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം. പാരിജാതത്തില്‍ കെ.പി പ്രദീപന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സ് തകര്‍ത്ത മോഷ്ടാവ് അടുക്കള വാതില്‍ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. വീടിന്റെ മുകള്‍ നിലയില്‍ ഉറങ്ങുകയായിരുന്ന പ്രദീപന്‍ രാവിലെ എഴുന്നേറ്റപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 

താഴത്തെ നിലയിലുണ്ടായിരുന്ന അലമാരയിലെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരി വലിച്ചിട്ട നിലയിലായിരുന്നുവെന്ന് പ്രദീപന്‍ പറഞ്ഞു. ഭാര്യയുടെ ബാഗും അതിനുള്ളില്‍ ഉണ്ടായിരുന്ന പണവും മോഷ്ടിച്ചു. ശേഷം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും എടുത്താണ് മോഷ്ടാവ് കടന്നു കളഞ്ഞത്. സ്‌കൂട്ടര്‍ വൈകീട്ടോടെ കരിമ്പനപ്പാലം ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വാഹനം വടകര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രദീപന്റെ വീടിന് സമീപം താമസിക്കുന്ന എം.പി നിവാസില്‍ പ്രമോദിന്റെ വീട്ടിലും മറ്റ് മൂന്ന് വീടുകളിലും മോഷണം ശ്രമം നടന്നിട്ടുണ്ട്. പ്രമോദിന്റെ അടുക്കള ഭാഗത്തെ ജനലഴികള്‍ മുറിച്ചു മാറ്റിയാണ് മോഷ്ടാവ് അകത്തു കയറിയത്. പ്രമോദ് കിടന്നിരുന്ന റൂം പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍ ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പ്രമോദിന്റെ സഹോദരന്‍ മനോജ്, കാര്‍ത്തിക ഭവനില്‍ പി.പി സുജിത്ത്, ഷിജി നിവാസില്‍ കുഞ്ഞിരാമന്‍ എന്നിവരുടെ വീട്ടിലും മോഷണശ്രമം നടത്തിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വടകര പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സംഭവ സ്ഥലങ്ങളില്‍ പരിശോധന നടത്തി.

'ജനൽ തകര്‍ക്കുന്ന ശബ്ദം, നോക്കിയപ്പോൾ ഒരാള്‍ ഓടുന്നു'; നേരം പുലർന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, പരാതി

YouTube video player