മോഷ്ടിച്ച വാഹനം തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കവെ വാളയാര്‍ ഭാഗത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. 

കുറ്റിപ്പുറം: വാഹനങ്ങള്‍ മോഷ്ടിക്കുന്ന യുവാവിനെ കുറ്റിപ്പുറം പൊലീസ് (Kuttippuram Police) പിടികൂടി. കോയമ്പത്തൂര്‍ സുന്ദരപുരം കാമരാജ് നഗര്‍ സ്വദേശി ഷമീറി (Shameer-42)നെയാണ് പിടികൂടിയത്. ചോലവളവിലുള്ള സ്ഥാപനത്തില്‍ നിര്‍ത്തിയിട്ട പിക് അപ് (Pick up van) മോഷ്ടിച്ചയാളെയാണ് ആലത്തൂര്‍ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. മോഷ്ടിച്ച വാഹനം തമിഴ്നാട്ടിലേക്ക് (Tamil nadu) കടത്താന്‍ ശ്രമിക്കവെ വാളയാര്‍ (Valayar) ഭാഗത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി 30ലധികം പിക് അപ്പുകള്‍ ഒന്നര മാസത്തിനിടയില്‍ മോഷ്ടിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഊര്‍ജിതമായ അന്വേഷണം നടക്കുന്നതിനിടക്കാണ് കഴിഞ്ഞ ദിവസം രാത്രി ചോലവളവിലെ സ്ഥാപനത്തില്‍ നിന്ന് വാഹനം മോഷണം പോയത്.

സമീപ ജില്ലകളിലെ പൊലീസുമായി സഹകരിച്ച് തിരച്ചില്‍ നടത്തുന്നതിനിടെ ആലത്തൂരില്‍ നിന്നും വാഹനം കളവ് പോയതായി വിവരം ലഭിച്ചിരുന്നു. പാലക്കാട് പൊലീസുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് മോഷണവാഹനവുമായി ഇയാള്‍ പിടിയിലായത്. ഇതോടെ സംഘത്തിലെ പ്രധാന കണ്ണികളിലേക്ക് എത്തിപ്പെടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ജഡ്ജിയുടെ വീട്ടില്‍ മോഷണം 6000 രൂപ വിലയുള്ള വാച്ച് നഷ്ടമായി

മലപ്പുറം: മുള്ളമ്പാറ റോഡില്‍ ജഡ്ജിയുടെ വാടക ക്വാര്‍ട്ടേഴ്സിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം. മഞ്ചേരി സബ് കോടതി ജഡ്ജി രഞ്ജിത് കൃഷ്ണയുടെ വീട്ടിലാണ് കളവ് നടന്നത്. 6000 രൂപ വിലയുള്ള വാച്ച് നഷ്ടമായി. വീട്ടില്‍ ജഡ്ജി ഒറ്റക്കാണ് താമസിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നോര്‍ത്ത് പറവൂരിലെ സ്വന്തം വീട്ടിലേക്ക് പോയ അദ്ദേഹം ഇന്നലെ രാവിലെ പത്തോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരകളിലെ വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലായിരുന്നു. അടുക്കളെ ഭാഗത്തെ വാതിലും തുറന്നിട്ടിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും മലപ്പുറം യൂനിറ്റിലെ ഫോറന്‍സിക്, വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. കെ എം ബിജു, മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ സി അലവി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി.