വ്യാജ റെംഡിസിവിർ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് വിഎച്ച്പി നേതാവ് പിടിയില്‍. ആശുപത്രി ഡയറക്ടറും വിശ്വഹിന്ദു പരിഷത്ത് നേതാവ് കൂടിയുമായ സരബ്ജിത് സിംഗ് മോഖ അടക്കം നാല് പേരെയാണ് ഇന്‍ഡോറില്‍ പൊലീസ് പിടികൂടിയത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് 500 റെംഡിസിവിർ ഇന്‍ജക്ഷനാണ് സരബ്ജിത് സിംഗ് മോഖ ജബല്‍പൂരിലെ സിറ്റി ഹോസ്പിറ്റലിലേക്ക് വാങ്ങിയത്. ഇത് ആശുപത്രി കൊവിഡ് രോഗികള്‍ക്ക് നല്‍കുകയായിരുന്നു. കൊവിഡ് ചികിത്സയില്‍ ഉപയോഗിക്കുന്ന ആന്‍റി വൈറല്‍ മരുന്നാണ് റെംഡിസിവിർ.

ഇന്ത്യന്‍ ശിക്ഷാ നിയമം 274, 275,308, 420 അടക്കമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. മോഖയുടെ മാനേജരായ ദേവേന്ദ്ര ചൌരസ്യ, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഡീലറായ സപന്‍ ജെയിന്‍ മറ്റൊരാള്‍ എന്നിവരാണ് പൊലീസ് പിടിയിലായിട്ടുള്ളത്. മെയ് 7ന് സപന്‍ ജെയിന്‍റെ ചുമതലയിലുള്ള റെംഡിസിവിർ നിര്‍മ്മാണ യൂണിറ്റില്‍ നടന്ന ഗുജറാത്ത് പൊലീസിന്‍റെ പരിശോധനയിലാണ് വ്യാജമരുന്ന് നിര്‍മ്മാണം കണ്ടെത്തിയത്.

വിഎച്ച്പിയുടെ നര്‍മ്മദ ഡിവിഷന്‍ പ്രസിഡന്‍റായ സരബ്ജിത് സിംഗ് മോഖയെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കിയതായി വിഎച്ച്പി പ്രാന്ത് മന്ത്രി രാജേഷ് തിവാരി പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ പൊലീസ് ശക്തമാ. നടപടികള്‍ സ്വീകരിക്കണമെന്നും രാജേഷ് തിവാരി വിശദമാക്കി. കൊവിഡ് 19 ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, കോണ്‍സെന്‍ട്രേറ്ററുകള്‍ മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ കരിഞ്ചന്തയിലെ വില്‍പനയും പൂഴ്ത്തിവയ്പും തടയാന്‍ പ്രത്യേക അന്വേഷണ സംഘത്തേയാണ് ജബല്‍പൂര്‍ ഐജി ഭഗ്വത് സിംഗ് വിശദമാക്കുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona