വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍ കൂട്ടാക്കാതായപ്പോള്‍ കോണ്‍സ്റ്റബിള്‍ ബോണറ്റിലേക്ക് ചാടിക്കയറി. കോണ്‍സ്റ്റബിള്‍ ബോണറ്റില്‍ കയറിയിട്ടും ഡ്രൈവര്‍ വാഹനം നിര്‍ത്തിയില്ല.
ദില്ലി: വാഹന പരിശോധനക്കിടെ നിര്‍ത്താത പോയ കാറിനെ പിടികൂടാന്‍ പൊലീസുകാരന്‍റെ സാഹസിക പ്രകടനം. കാര്‍ തടഞ്ഞുനിര്‍ത്താന്‍ ബോണറ്റില്‍ ചാടി കയറിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെയും വഹിച്ച് ഉടമ രണ്ട് കിലോമീറ്ററോളം അപകടകരമായ രീതിയില്‍ കാറോടിച്ചു. ദില്ലി നഗരത്തിന് പുറത്തെ നന്‍ഗ്ലോയിലാണ് സംഭവമുണ്ടായത്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാഹന പരിശോധനക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ തടയാന്‍ ശ്രമിച്ചപ്പോഴാണ് ട്രാഫിക് കോണ്‍സ്റ്റബിള്‍ കുടുക്കില്‍പ്പെട്ടത്. വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍ കൂട്ടാക്കാതായപ്പോള്‍ കോണ്‍സ്റ്റബിള്‍ ബോണറ്റിലേക്ക് ചാടിക്കയറി.
കോണ്‍സ്റ്റബിള്‍ ബോണറ്റില്‍ കയറിയിട്ടും ഡ്രൈവര്‍ വാഹനം നിര്‍ത്തിയില്ല. പൊലീസുകാരനെയും കൊണ്ട് കാര്‍ രണ്ട് കിലോമീറ്റര്‍ ഓടി. ഒടുവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വീഴുമെന്ന അവസ്ഥയെത്തിയപ്പോഴാണ് കാര്‍ നിര്‍ത്തിയത്. കാറിലെ സഹയാത്രക്കാരനാണ് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ചത്. രണ്ട് മാസം മുമ്പാണ് സംഭവം നടന്നതെന്നും വീഡിയോ ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും പൊലീസ് അറിയിച്ചു. കുറ്റക്കാരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു.
