നാട്ടിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കി തിരികെ പോവുകയായിരുന്നു ഇരുവരും
കോഴിക്കോട്: നാട്ടിലുണ്ടായ അടിപിടി സംബന്ധിച്ച് പൊലീസില്‍ മൊഴി നല്‍കി മടങ്ങിയ പഞ്ചായത്തംഗത്തിന് നേരെ ആക്രമണം. കോഴിക്കോട് ബാലുശ്ശേരി കോട്ടൂര്‍ പഞ്ചായത്തിലെ 12ാം വാര്‍ഡ് മെംബര്‍ കെകെ റെനീഷ്(34), സുഹൃത്ത് സുവിന്‍ ചെറിയമഠത്തില്‍(29) എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഇരുവരെയും ബാലുശ്ശേരിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കി തിരികെ പോവുകയായിരുന്നു ഇരുവരും. ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാകയാട് അങ്ങാടിയിലാണ് സംഘര്‍ഷം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് മൊഴി നല്‍കി തിരികെ വരുമ്പോള്‍ വൈകീട്ട് കാട്ടാമ്പള്ളി റോഡില്‍ തറോല്‍ കയറ്റത്തില്‍ വച്ചായിരുന്നു ആക്രമണമെന്ന് റെനീഷ് പറഞ്ഞു.രണ്ട് ബൈക്കുകളിലായാണ് റെനീഷും സുവിനും സഞ്ചരിച്ചിരുന്നത്.
പെട്ടെന്ന് ബൈക്കില്‍ എത്തിയ ഒരു സംഘം മുന്നില്‍ സഞ്ചരിച്ചിരുന്ന റെനീഷിനെ തടഞ്ഞു. പിന്നാലെ ഇന്നോവ കാറില്‍ എത്തിയ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസിന് നല്‍കിയ മൊഴില്‍ പറയുന്നത്. റെനീഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് സുവിന് പരിക്കേറ്റത്. നാട്ടുകാര്‍ ഓടിക്കൂടിയതിനാല്‍ മാത്രമാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്നും അക്രമി സംഘം മാരകായുധങ്ങള്‍ കരുതിയിരുന്നതായും ഇവര്‍ പറഞ്ഞു.


