പട്ന: വിവാഹസൽകാരത്തിനിടെ നടത്തിയ വെടിവയ്പ്പിൽ പരിക്കേറ്റ വീഡിയോ​ഗ്രാഫർക്ക് ദാരുണാന്ത്യം. വിജയ് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ സമസ്തിപുർ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം.

റെയിൽവേ ക്ലബിൽ നടത്തിയ വിവാഹഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ ഒരാൾ അശ്രദ്ധമായി റിവോൾവറിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ വിജയ് കുമാർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.

സംഭവത്തിൽ അശ്രദ്ധമായി വെടിവയ്പ്പ് നടത്തിയതിനെതിരെ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹസൽക്കാരത്തിന്റെ വീഡിയോ പൊലീസ് പരിശോധിച്ച് വരുകയാണ്. അഞ്ച് ദിവസം മുമ്പ് വൈശാലി ജില്ലയിലെ ഹാജിപുരിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് വീഡിയോഗ്രഫറായ മനോജ് കെ സാഹയാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.