റോഡിന്‍റെ നിര്‍മ്മാണം പൂർത്തീകരിച്ച കരാറുകാരനില്‍ നിന്നും 20000 കൈപ്പറ്റുന്നതിനിടെയാണ് ദിനേശിനെ വിജിലൻസ് സംഘം പിടികൂടിയത്

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിലായി. വിഴിഞ്ഞം ഹാർബർ എഞ്ചിനീയറിങ് ഓഫീസിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറായ ദിനേശ് ശങ്കറാണ് വിജിലൻസിന്‍റെ പിടിയിലായത്.

അഞ്ചു തെങ്ങിന് സമീപമുള്ള റോഡിന്‍റെ നിര്‍മ്മാണം പൂർത്തീകരിച്ച കരാറുകാരനില്‍ നിന്നും 20000 രൂപയാണ് കൈക്കൂലി വാങ്ങിയത്. വൈകിട്ട് 4.30 മണിയോടെ തിരുവല്ലം വാഴമുട്ടം ഹൈ സ്കൂളിന് സമീപം പണം കൈപ്പറ്റുന്നതിനിടെയാണ് ദിനേശിനെ വിജിലൻസ് സംഘം പിടികൂടിയത്.

വിജിലന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതിയെ നാളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി തുടര്‍ നടപടി സ്വീകരിക്കും.