തിരുവനന്തപുരം: കണ്ണൂര്‍ പാനൂരില്‍ നാലാം ക്ലാസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ബിജെപി നേതാവായ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. ലൈറ്റണച്ചും പ്രതിപക്ഷത്തോട് വായടക്കാന്‍ പറഞ്ഞും പരസ്പരം മുന്നേറുന്ന ഭായീ - ഭായീ ബന്ധം ഒരു പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് കേരളത്തിന് സഹിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. സ്‌കൂളിലെ ശുചിമുറിയില്‍ വച്ചാണ് അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അധ്യാപകന്‍ കുനിയില്‍ പത്മരാജനെതിരെ പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ ദിവസങ്ങളായി ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. 

ബിജെപിയുടെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനാണ് ഇയാള്‍. വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. സ്‌കൂളില്‍ ശുചിമുറിയില്‍ കൊണ്ടു പോയാണ് പീഡിപ്പിച്ചതെന്നാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴി നല്‍കിയിരിക്കുന്നത്. അവധി ദിനമായ ശനിയാഴ്ച സ്‌കൂളില്‍ എന്‍എസ്എസ് ക്ലാസുണ്ടെന്ന് പറഞ്ഞാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലേക്ക് വിളിപ്പിക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഫോസ്ബുക്ക് കുറിപ്പിങ്ങനെ...

പാനൂര്‍ പാലത്തായിലെ അതീവ ഗൗരവതരമായ കുറ്റകൃത്യത്തിലേക്ക് സംസ്ഥാന ആഭ്യന്തര മന്ത്രിയുടേയും, കുട്ടികളുടെ ക്ഷേമത്തിന്റെ ചുമതലയുള്ള മന്ത്രി കൂടിയായ സ്ഥലത്തെ ജനപ്രതിനിധിയുടേയും അടിയന്തര ശ്രദ്ധ പതിയേണ്ടതായിട്ടുണ്ട്.

സിപിഎമ്മിന്റെ ഒരു പാര്‍ട്ടി ഗ്രാമത്തിലാണ്, പാര്‍ട്ടി നാട് ഭരിക്കുമ്പോള്‍, ബിജെപി നേതാവായ ഒരു കൊടും ക്രിമിനലിന് ഒരു മാസക്കാലത്തോളമായി പോലീസിന്റെയും അധികാരസ്ഥാനങ്ങളുടേയും ഈ സംരക്ഷണം ലഭിച്ചുകൊണ്ടിരിക്കുന്നത്.
ലൈറ്റണച്ചും പ്രതിപക്ഷത്തോട് വായടക്കാന്‍ പറഞ്ഞും പരസ്പരം മുന്നേറുന്ന ഭായീ - ഭായീ ബന്ധം ഒരു പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് കേരളത്തിന് സഹിക്കാന്‍ സാധിക്കില്ല.