ഇയാൾക്കെതിരെ ക്വാറി ഉടമയിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയതിനും കേസുണ്ട്
ചെന്നൈ: വാഷിംഗ്‌മെഷീൻ കൈക്കൂലിയായി വാങ്ങിയ കേസിൽ സർക്കാർ ഉദ്യോഗസ്ഥന് തടവ് ശിക്ഷ. തമിഴ്നാട് സർക്കാർ മുൻ ആർ ഡി ഒ ചന്ദ്രശേഖരനെയാണ് കോടതി നാല് വർഷം കഠിന തടവിന് ശിക്ഷിച്ചത്. തിരുത്താണി മുൻ ആർ ഡി ഒ ആയിരുന്നു ചന്ദ്രശേഖരൻ. 2009 ലാണ് കേസിന് ആസ്പദമായ സംഭവം. തിരുവളളൂർ കോടതിയാണ് കേസിൽ വിചാരണക്ക് ശേഷം വിധി പുറപ്പെടുവിച്ചത്. ഇയാൾക്കെതിരെ ക്വാറി ഉടമയിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയതിനും കേസുണ്ട്. വാഷിംഗ്‌മെഷീൻ കൈക്കൂലിയായി വാങ്ങിയ കേസിൽ ചന്ദ്രശേഖരന് 20,000 പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
കൈക്കൂലി കേസിൽ പിടിയിലായ ഡോക്ടറുടെ വീട്ടിൽ നോട്ട് കെട്ടുകളുടെ കൂമ്പാരം: അമ്പരന്ന് വിജിലൻസ്
അതേസമയം തൃശൂരിൽ നിന്ന് പുറത്തുവന്ന കൈക്കൂലിയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത ഏവരെയും ഞെട്ടിക്കുന്നതാണ്. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്കിനെയാണ് കൈക്കൂലി കേസിൽ പിടികൂടിയത്. ഡോക്ടറുടെ വീട്ടിൽ നിന്നും 15 ലക്ഷത്തിലേറെ രൂപ കണ്ടെടുക്കുകയും ചെയ്തു. 2000, 500, 100, 200 ന്റെ നോട്ടുകെട്ടുകളാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത്. പണം വിജിലൻസ് എണ്ണിത്തിട്ടപ്പെടുത്തും. രണ്ടായിരത്തിന്റെ 25 നോട്ട് കെട്ടുകൾ കൂട്ടത്തിലുണ്ട്. നോട്ട്കെട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താനായി നോട്ടെണ്ണൽ യന്ത്രം ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. നിരവധി ഉദ്യോഗസ്ഥരാണ് സ്ഥലത്തുള്ളത്. ഇന്നാണ് ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡോ ഷെറി ഐസകിനെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ശസ്ത്രക്രിയ നടത്തുന്നതിനാണ് പരാതിക്കാരനോട് ഡോ ഷെറി ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പണം താൻ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാനായിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്. ശസ്ത്രക്രിയക്ക് ഡേറ്റ് നൽകാതെ നിരവധി തവണ രോഗിയുടെ കുടുംബത്തെ കൈക്കൂലി ലഭിക്കുന്നതിനായി ഇയാൾ നടത്തിച്ചിരുന്നു. ഒടുവിൽ കൈക്കൂലി ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചു. രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് വിജിലൻസ് കൊടുത്തയച്ചു. ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിയ പരാതിക്കാരൻ ഡോ ഷെറി ഐസകിന് കൈക്കൂലി നൽകിയപ്പോൾ മറഞ്ഞുനിന്ന വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.
