ദില്ലി: ഇരുപതുകാരിയായ ഇവന്‍റ് മാനേജ്മെന്‍റ് പ്രൊഫഷണലിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊല്ലാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി.  ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍നിന്നാണ് ആയുധം കണ്ടെടുത്തത്. 

21കാരനായ ഭര്‍ത്താവും രണ്ട് സഹായികളും ചേര്‍ന്നാണ് നാന്‍സി ചോപ്രയെ കൊലപ്പെടുത്തിയത്. സ്ത്രീധനത്തിന്‍റെ പേരിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. ഹരിയാനയിലെ പാനിപത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു നാന്‍സിയുടെ മൃതദേഹം കണ്ടെത്തിയത്.

കൊലചെയ്യാനുപയോഗിച്ച ആയുധവും വാഹനവും വ്യാഴാഴ്ചയാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സഹില്‍ ചോപ്രയും  ഇയാളുടെ ജീവനക്കാരാനായ ശുഭവും ശുഭത്തിന്‍റെ ബന്ധു ബാധലും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 

നവംബര്‍ 11 മുതല്‍ മകളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് നാന്‍സിയുടെ പിതാവ് ചൊവ്വാഴ്ച പൊലീസില്‍ പരാതി നല്‍കി. മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്ന ഭയവും ഇദ്ദേഹത്തിനുണ്ടായിരുന്നു. 

2019 മാര്‍ച്ച് 27നാണ് സഹില്‍ ചോപ്രയെ നാന്‍സി വിവാഹം ചെയ്തത്. അന്നുമുതല്‍ സ്ത്രീധനത്തിന്‍റെ പേരില്‍ നാന്‍സിയെ സഹിലിന്‍റെ കുടുംബം ഉപദ്രവിച്ചിരുന്നു.  നാന്‍സിയെ കാണാതായ സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുന്നതിനിടെയിലാണ് സഹിലും സുഹ‍ൃത്തുക്കളും അറസ്റ്റിലായത്. 

നാന്‍സിയുടെ ഫോണ്‍കോള്‍ ലിസ്റ്റ് പൊലീസ് പരിശോധിച്ചിരുന്നു. മറ്റ് രണ്ട് പേരുടെയും സഹായത്തോടെ നാന്‍സിയെ വെടിവയ്ക്കുകയായിരുന്നുവെന്ന് സഹില്‍ പൊലീസിന് മൊഴി നല്‍കി. തുടര്‍ച്ചയായ വഴക്കുകളില്‍ മനംമടുത്താണ് ഭാര്യയെ കൊന്നതെന്നും സഹില്‍ പറഞ്ഞു. 

നാന്‍സിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം ഇവര്‍തന്നെയാണ് പൊലീസിന് കാണിച്ചുകൊടുത്തത്. തുടര്‍ന്ന് പൊലീസെത്തി പാനിപ്പത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.