താനൂര്‍: വാട്ട്സ്ആപ്പ് ഹർത്താലിന്‍റെ മറവിൽ സംഘം ചേർന്ന് കട കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി മലപ്പുറം താനൂരിൽ പൊലീസ് പിടിയിലായി. താനൂർ സ്വദേശി അൽഅമീനാണ് പിടിയിലായത്. രണ്ട് വർഷമായി ഒളിവിലായിരുന്നു ഇയാൾ.

കഴിഞ്ഞദിവസം താനൂര്‍ ചാപ്പപ്പടി കടപ്പുറത്ത് പോലീസിനെ ഒരു സംഘം തടഞ്ഞിരുന്നു.ട്രോമകെയര്‍ പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പോയപ്പോഴായിരുന്നു ഇത്. ഈ കേസിലെ പ്രതികള്‍ക്കായി നടത്തിയ തിരച്ചിലിലാണ് അല്‍ അമീൻ പൊലീസിന്‍റെ പിടിയിലായത്.

ബസില്‍ യാത്രചെയ്യുന്നതിനിടെയാണ് സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ സ്റ്റേഷൻ ഹൗസ് ഓഫീസര്‍ പി.പ്രമോദിന്‍റെ നേതൃത്വത്തിലുള്ള താനൂര്‍ പൊലീസ് പിടികൂടിയത്.ചോദ്യം ചെയ്യലിലാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന പ്രതിയാണ് ഇതെന്ന് മനസിലായത്.

2018 ഏപ്രില്‍ 16-ന് വാട്‌സാപ്പ് വഴി ആഹ്വാനം ചെയ്ത അപ്രഖ്യാപിത ഹര്‍ത്താലിന്‍റെ മറവില്‍ അല്‍ അമീനും സംഘവും താനൂരിലെ പടക്കകട കൊള്ളയടിച്ചെന്നാണ് കേസ്. ഒരു ലക്ഷത്തിലേറെ രൂപയുടെ പടക്കങ്ങളും 25000 രൂപയുമാണ് കവര്‍ന്നത്. 

കേസിലെ മുഖ്യപ്രതിയാണ് അല്‍ അമീന്‍. കവര്‍ച്ചയ്ക്ക് പുറമേ വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചതടക്കമുള്ള കുറ്റങ്ങളും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.സംഘത്തിലെ മറ്റ് പ്രതികള്‍ നേരത്തെ തന്നെ പൊലീസ് പിടിയിലായിരുന്നു.