വയനാട്: വടുവഞ്ചാലിൽ മദ്യലഹരിയിലെത്തിയ ഭർത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു. വടുവഞ്ചാൽ വട്ടത്തുവയൽ അറുപത് കൊല്ലി കോളനിയിലെ സീനയാണ് ഭർത്താവ് വിജയിന്‍റെ അടിയേറ്റ് മരിച്ചത്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ഇവരുടെ നാല് പെൺകുഞ്ഞുങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യ സീനയെ വിജയ് മർദ്ദിച്ചത്. സീനയുടെ തല വീടിന്‍റെ ചുമരിൽ ഇടിച്ചു. അബോധാവസ്ഥയിലായ ഭാര്യയെ വിജയ് തന്നെ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും പോകുംവഴി സീന മരിച്ചു. തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയും വിജയിയെ കസ്റ്റ‍ഡിയിലെടുക്കുകയും ചെയ്തു. 

ഒരു കിലോമീറ്ററോളം കാപ്പി തോട്ടത്തിലൂടെ നടന്നാൽ മാത്രമേ കോളനിവാസികൾക്ക്  വാഹന സൗകര്യമുള്ള പാതയിലെത്താൻ കഴിയൂ. അതുകൊണ്ട് തന്നെ സീനക്ക് പരിക്കേറ്റ ഉടനെ ചികിത്സ ലഭിച്ചില്ലെന്ന് പ്രദേശവാസികൾ പറയുന്നു.  

ഇരട്ടക്കുട്ടികളടക്കം നാല്പെൺകുഞ്ഞുങ്ങളാണ് ഈ ദമ്പതികൾക്കുള്ളത്. പണിയ വിഭാഗത്തിൽപ്പെടുന്നവരാണ് ഈ കുടുംബം .കുട്ടികളുടെ  സംരക്ഷണ ചുമതല ചൈൽഡ് ലൈനിന് കൈമാറുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.