ലഖ്‍നൗ: ഉത്തർപ്രദേശിൽ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാർ തല്ലിക്കൊന്നു. ഇവരുടെ മകൾ നോക്കി നിൽക്കെയായിരുന്നു നാട്ടുകാരുടെ ക്രൂരത. ഗുരുതരമായി തലയ്ക്ക് അടക്കം പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. 

കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് ബഥമിനെ നേരത്തേ പൊലീസ് വെടിവച്ച് കൊന്നിരുന്നു. കുട്ടികളെയെല്ലാവരെയും സുരക്ഷിതമായി പുറത്തേക്ക് എത്തിക്കുകയും ചെയ്തു. 

ഇതിന് ശേഷമാണ് വീട്ടിനകത്ത് കയറി നാട്ടുകാർ ഭാര്യയെ കുട്ടിയുടെ മുന്നിലിട്ട് മർദ്ദിച്ചത്. സഹായിക്കണമെന്ന് അവർ ഉറക്കെ നിലവിളിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. സുഭാഷ് ബഥമിന് മാനസികരോഗമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ഒരു കൊലക്കേസിലെ പ്രതിയുമാണ്.

ഇയാളുടെ ഭാര്യയെ നാട്ടുകാർ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു നാട്ടുകാരനും തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റു. 

എല്ലാം തുടങ്ങിയത് ഇന്നലെ വൈകിട്ട്

ഉത്തർപ്രദേശിലെ ഫാറൂഖാബാദിലെ കസരിയാ ഗ്രാമത്തിലാണ് സംഭവം മകളുടെ പിറന്നാൾ ദിവസം പാർട്ടിക്കാണ് സുഭാഷ് ബഥവും കുടുംബവും കൂട്ടുകാരായ കുട്ടികളെ ക്ഷണിച്ചത്. ഇവിടെയെത്തിയ കുട്ടികളെ ഇയാൾ തോക്ക് ചൂണ്ടി ബന്ദികളാക്കുകയായിരുന്നു. ഇരുപത് കുട്ടികളാണ് വീട്ടിനകത്തുണ്ടായിരുന്നത്. ഒരു കുട്ടിയുടെ അമ്മയും ആറ് മാസം പ്രായമുള്ള കുഞ്ഞും ഇയാളുടെ ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. 

എല്ലാവരും ഭയന്ന് നിലവിളിച്ചെങ്കിലും ഇയാൾ കുട്ടികളെ പുറത്തിറക്കി വിടാൻ തയ്യാറായില്ല. അൽപസമയത്തിനുള്ളിൽ ഇയാൾ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വീടിന്‍റെ ബാൽക്കണി വഴി അയൽക്കാരന് കൈമാറി. 

അതിന് ശേഷം പൊലീസെത്തി ഇയാളോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ ആദ്യം ഇയാൾ ചെയ്തത് വീട്ടിനകത്ത് വെടി വയ്ക്കുകയാണ്. ഇയാളോട് സംസാരിക്കാൻ ശ്രമിച്ച ഒരാൾക്ക് നേരെയും ഇയാൾ വെടിയുതിർത്തു. ഇയാൾക്ക് വെടിയേൽക്കുകയും ചെയ്തു. 

സർക്കാർ തനിക്ക് സഹായങ്ങളൊന്നും ചെയ്ത് തരുന്നില്ലെന്നും, വീട് വയ്ക്കാൻ പണം കിട്ടിയില്ലെന്നും കളക്ടറോടും എംഎൽഎയോടും സംസാരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ 'ബന്ദിനാടകം'. 

എംഎൽഎ സ്ഥലത്തെത്തി ഇയാളോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ പ്രതികരിക്കാൻ തയ്യാറായില്ല. 20 കുട്ടികളുടെ ജീവൻ അപകടത്തിലാണെന്നും ഇയാളോട് സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും വ്യക്തമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്നൗവിൽ ഉന്നതതലയോഗം വിളിച്ചു. ചീഫ് സെക്രട്ടറിയും, പ്രിൻസിപ്പൽ സെക്രട്ടറിയും ഡിജിപിയുമടക്കം പങ്കെടുത്ത യോഗത്തിൽ സുരക്ഷിതമായി പൊലീസ് ഓപ്പറേഷൻ നടപ്പാക്കാൻ തീരുമാനമായി.

നാഷണൽ സെക്യൂരിറ്റി ഗാർഡ്സിന്‍റെ ഒരു പ്രത്യേക സംഘത്തെ എയർലിഫ്റ്റ് ചെയ്ത് കസരിയാ ഗ്രാമത്തിലെത്തിച്ചു. ഈ സംഘമാണ് പിന്നീട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പൊലീസ് ഇവരെ സഹായിക്കുകയും ചെയ്തു. പല തവണ ഇയാളോട് സംസാരിക്കാൻ എൻഎസ്‍ജി ശ്രമിച്ചു. അതിന് ശേഷമാണ്, ഏതാണ്ട് ആറ് മണിക്കൂറിന് ശേഷം ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൈമാറാൻ ഇയാൾ സമ്മതിച്ചത്. 

കുഞ്ഞിനെ ബാൽക്കണിയിലൂടെ ഇയാൾ അയൽക്കാരന് കൈമാറി. പിന്നീട് മറ്റ് കുട്ടികളെ ഇയാൾ കൈമാറാൻ വിസമ്മതിക്കുകയായിരുന്നു. പല തവണ സംസാരിച്ചിട്ടും ഫലമില്ലെന്ന് കണ്ടതോടെ, ഏതാണ്ട് അർദ്ധരാത്രിയാകുന്നത് വരെ എൻഎസ്ജി കമാൻഡോകളും പൊലീസും കാത്തിരുന്നു. ഒരു മണിയോടെ പൊലീസും എൻഎസ്‍ജിയും വാതിൽ തല്ലിപ്പൊളിച്ച് അകത്ത് കയറി. ഉടനടി ബഥമിന് നേരെ വെടിയുതിർത്തു.

കുട്ടികളെയും അമ്മമാരെയും പുറത്തേക്ക് പൊലീസെത്തിക്കാൻ ശ്രമിച്ചു. ഇതിനിടെ ഭയന്ന് പുറത്തേക്ക് ഓടിയ ബഥമിന്‍റെ ഭാര്യയെയാണ് നാട്ടുകാർ ഓടിക്കൂടി ക്രൂരമായി മർദ്ദിച്ചത്.

ബഥം കൊല്ലപ്പെട്ടതായി പിന്നീട് പൊലീസും സ്ഥിരീകരിച്ചു. അഞ്ച് മുതൽ ഒമ്പത് വയസ്സ് വരെയുള്ള കുട്ടികളെയാണ് ബഥം ബന്ദിയാക്കിയത്.

ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥർക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്ത് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. വിശിഷ്ടസേവനത്തിന് പുരസ്കാരവും ഇവർക്ക് നൽകും. 

കാരണം നല്ല കക്കൂസില്ലാത്തത്, വീടില്ലാത്തത്

വീട് തരണമെന്നും, ഒരു കക്കൂസ് പണിഞ്ഞ് തരണമെന്നും ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റിനടക്കം നിരവധി കത്തുകൾ സുഭാഷ് ബഥം നൽകിയിരുന്നുവെന്നാണ് വിവരം. വൃദ്ധയായ അമ്മയ്ക്ക് ഇപ്പോഴും ഉപയോഗിക്കാൻ ഒരു കക്കൂസില്ലെന്നും ഒരു നല്ല വീട് പണിത് തരണമെന്നും ആവശ്യപ്പെട്ടാണ് കുട്ടികളെ ബന്ദിയാക്കാൻ കാരണമെന്നാണ് എൻഎസ്‍ജിയോട് ഇയാൾ പറഞ്ഞത്.