പ്രതിഭാഗവുമായി ഇക്കാര്യത്തിൽ നേരത്തേ ധാരണയായതാണെന്നും ഇത് വിചാരണക്കോടതിയെ അറിയിക്കാമെന്നും സംസ്ഥാനസർക്കാർ അറിയിച്ചു. 

ദില്ലി: നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയിലെ വിചാരണ തീരുംവരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാനസർക്കാർ. ഇന്ന് കേസ് പരിഗണിച്ച സുപ്രീംകോടതിയിലാണ് സംസ്ഥാനസർക്കാർ നിലപാട് ആവർത്തിച്ചത്. പ്രതിഭാഗവുമായി ഇക്കാര്യത്തിൽ നേരത്തേ ധാരണയായതാണെന്നും വിചാരണക്കോടതിയെ ഈ വിവരം നാളെത്തന്നെ അറിയിക്കാമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കി.

കേസ് വാദം തുടങ്ങുന്നത് മാറ്റണമെന്ന് വിചാരണ കോടതിയോട് ആവശ്യപ്പെടുമെന്നും സംസ്ഥാനസർ‍ക്കാ‍ർ സുപ്രീംകോടതിയിൽ അറിയിച്ചു. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പക‍ർത്തി എന്നവകാശപ്പെട്ടുള്ള മെമ്മറി കാർഡ് വിട്ടു തരണമെന്ന ദിലീപിന്‍റെ ഹ‍ർ‍ജി ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിലൊരു തീരുമാനമാകുന്നത് വരെ കുറ്റം ചുമത്തേണ്ടതില്ലെന്നാണ് സർക്കാരും പ്രതിഭാഗവും തമ്മിലുള്ള ധാരണ. ഈ വിവരം വിചാരണ കോടതിയെ അറിയിച്ച് തൽക്കാലത്തേയ്ക്ക് വിചാരണ നീട്ടി വയ്ക്കാനും സംസ്ഥാനസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ബുധനാഴ്ച തന്നെ വിചാരണകോടതിയെ അറിയിക്കും. 

സുപ്രീംകോടതിയിലെ കേസിൽ തീരുമാനം ഉണ്ടാകുന്നതുവരെ കുറ്റം ചുമത്തില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സംസ്ഥാന സര്‍ക്കാര്‍ വാക്കാൽ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിചാരണ കോടതിയിൽ കുറ്റം ചുമത്തുന്ന നടപടികൾ തുടരുന്ന സാഹചര്യത്തിലാണ് ദിലീപ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. 

ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഈ കേസ് പരിഗണിച്ചത്. സർക്കാരും പ്രതിഭാഗവുമായുള്ള ഈ ധാരണ ഡിവിഷൻ ബഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹര്‍ജി പരിഗണിക്കവെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. 

കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നാണ് ദിലീപിന്‍റെ വാദം. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്‍റെ ഹർജിയിൽ പറയുന്നു. ദിലീപിന് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ ജൂനിയർ രഞ്ജീത റോത്തഗി ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ദിലീപിന്‍റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിന്‍റെ ആവശ്യമെന്ന് കാണിച്ചാണ് ഹർജി തള്ളിയത്.