പീഡനത്തിന് ഇരയാക്കിയ ശേഷം യുവതിയെ ഇജിപുരയ്ക്കടുത്ത് റോഡിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു
ബെംഗളുരു: യുവതിയെ ഓടുന്ന കാറിൽ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ബെംഗളൂരു കോറമംഗളയ്ക്കടുത്തുള്ള നാഷണൽ ഗെയിംസ് വില്ലേജിനടുത്ത് വച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിന് ഇരയാക്കിയ ശേഷം യുവതിയെ ഇജിപുരയ്ക്കടുത്ത് റോഡിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ബെംഗളൂരു സിറ്റി പൊലീസ് അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി കോറമംഗലയ്ക്ക് അടുത്തുള്ള നാഷണൽ ഗെയിംസ് വില്ലേജിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയാണ് ബലാത്സംഗത്തിനിരയായത്. ഇരുവരും ഒന്നിച്ചിരിക്കുന്നത് കണ്ട ഒരാൾ വന്ന് യുവതിയെ ചോദ്യം ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേർ കൂടി എത്തി യുവതിയോട് തട്ടിക്കയറി. യുവതിയുടെ കൂടെ ഉണ്ടായിരുന്ന യുവാവിനെ നാല് പേരും ചേർന്ന് നിർബന്ധിച്ച് പറഞ്ഞുവിട്ടു. തുടർന്നാണ് യുവതിയെ ബലം പ്രയോഗിച്ച് വണ്ടിയിൽ കയറ്റി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
പെൺകുട്ടിയുടെ പരാതിയിൽ ഉടനടി കേസെടുത്ത പൊലീസ് മൂന്ന് മണിക്കൂറിനകം യുവാക്കളെ അറസ്റ്റ് ചെയ്തു. സതീഷ്, ശ്രീധർ, വിജയ്, കിരൺ എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടി താമസിക്കുന്നതിന് തൊട്ടടുത്ത് താമസിക്കുന്ന നാല് പേർക്കും പെൺകുട്ടിയെ കണ്ട് പരിചയമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. കോറമംഗലയിലും പരിസരത്തും രാത്രികാലങ്ങളിൽ പൊലീസ് സുരക്ഷ കൂട്ടുമെന്നും ഡിസിപി വ്യക്തമാക്കി.
