സതേന്ദ്രയുടെ സഹോദരൻ ശതുഘന്റെ പരാതിയിൽ ഫിറോസാബാദിലെ ഖൈർഗഡ് താനയിൽ ബിഎൻഎസ് സെക്ഷൻ 103 (1) (കൊലപാതകം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ആഗ്ര: യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യക്കും കാമുകനും ജീവപര്യന്തം ശിക്ഷ. ഈ വർഷം ഉത്തർപ്രദേശിലെ ഖൈർഗഡ് പ്രദേശത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് 30 കാരിയായ സ്ത്രീക്കും 19 വയസ്സുള്ള കാമുകനും യുപിയിലെ ഫിറോസാബാദിലെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ജനുവരി 14 ന് കർഷകനായ സതേന്ദ്ര യാദവിനെ (33) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സതേന്ദ്രയുടെ സഹോദരൻ ശതുഘന്റെ പരാതിയിൽ ഫിറോസാബാദിലെ ഖൈർഗഡ് താനയിൽ ബിഎൻഎസ് സെക്ഷൻ 103 (1) (കൊലപാതകം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ, സതേന്ദ്രയുടെ ഭാര്യ റോഷിണി, അനന്തരവൻ ഗോവിന്ദുമായി ഒരു വർഷത്തിലേറെയായി അവിഹിത ബന്ധത്തിലാണെന്നും അവർ സതേന്ദ്രയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തി.

കുറ്റപത്രം സമർപ്പിക്കുകയും കേസ് വിചാരണയ്ക്ക് വിധേയമാക്കുകയും ചെയ്തു. പ്രതികൾ ആരോപണം തള്ളുകയും പൊലീസ് തങ്ങളെ ഗൂഢാലോചനയുടെ ഭാഗമായി പ്രതിചേർത്തതാണെന്ന് ആരോപിക്കുകയും ചെയ്തു. സാക്ഷികളുടെ മൊഴികളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കോടതി പരിഗണിച്ചു. ശ്വാസംമുട്ടിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച കോടതി റോഷ്‌നിക്കും ഗോവിന്ദിനും ജീവപര്യന്തം തടവും 20,000 രൂപ വീതം പിഴയും വിധിച്ചു.