കൊച്ചി: കൊച്ചിയിൽ വീണ്ടും ഹണി ട്രാപ് തട്ടിപ്പ്. ഇടപ്പള്ളി സ്വദേശിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണവും മൊബൈൽ ഫോണും തട്ടിയെടുത്ത യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. കൊച്ചി ഇടപ്പള്ളി സ്വദേശിയായ പത്തൊൻപതുകാരനാണ് ഇത്തവണ തട്ടിപ്പിനിരയായത്. 

യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കൊല്ലം മയ്യനാട് സ്വദേശിയായ റിസ്വാനയും എറണാകുളം പോണേക്കര സ്വദേശിയായ അൽത്താഫുമാണ് ചേരാനെല്ലൂർ പോലീസിൻറെ പിടിയിലായത്. ലിവിങ് ടുഗെതർ പാർട്ണറായ ഇരുവരും ചേരാനെല്ലൂർ വിഷ്ണുപുരം ഫെഡറൽ ബാങ്ക് ലിങ്ക് റോഡിൽ വാടകക്ക് താമസിക്കുകയാണ്. അൽത്താഫിൻറെ സുഹൃത്തിനയാണ് തട്ടിപ്പിനിരയാക്കിയത്. റിസ്വാന വാട്ട്സാപ്പ് വഴി സന്ദേശം അയച്ച് ഇയാളെ തങ്ങളുടെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.

ഇരുവരും ചേർന്ന് തട്ടിയെടുത്ത സ്വർണമാലയും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇരുവരെയും അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ജില്ലയിൽ നടക്കുന്ന മൂന്നാമത്തെ ഹണി ട്രാപ്പാണിത്.