Asianet News MalayalamAsianet News Malayalam

4 വയസുകാരിയുടെ വികൃതി സഹിക്കാനായില്ല; തല ചുമരില്‍ ഇടിപ്പിച്ച്, കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തി അമ്മ

അമ്മയും നാലുവയസുകാരി മകളും ആറുമാസം പ്രായമുള്ള മകനുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മകളോട് ശബ്ദമുണ്ടാക്കാനിരിക്കാന്‍ ആവശ്യപ്പെട്ടത് അനുസരിക്കാത്തതാണ് ഞെട്ടിക്കുന്ന സംഭവങ്ങളിലേക്ക് നയിച്ചത് 

woman arrested for killing daughter by banging head in wall and strangulating
Author
Pimpri-Chinchwad, First Published Jul 30, 2020, 10:06 AM IST

പൂനെ: വികൃതി കാണിച്ചതിന് നാലുവയസുകാരിയെ കൊലപ്പെടുത്തി അമ്മ. ഭര്‍ത്താവിനോട് കുട്ടി വികൃതി കാണിക്കുന്നുവെന്നും അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇവര്‍ നേരത്തെ വിളിച്ച് പരാതിപ്പെട്ടിരുന്നു. എന്നാല്‍ നാലുവയസുകാരി വികൃതികള്‍ തുടര്‍ന്നതോടെ അമ്മ കുട്ടിയുടെ തല ചുമരില്‍ ഇടിപ്പിച്ച ശേഷം കഴുത്തില്‍ കേബിള്‍ മുറുക്കി കൊലചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പിതാവിന്‍റെ പരാതിയെത്തുടര്‍ന്ന് നാലുവയസുകാരിയുടെ അമ്മ സവിത കക്ക്ഡേയെ പൊലീസ് അറസ്റ്റ് ചെയ്തു. 

മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള പിംപ്രി ചിഞ്ച്വാടിലെ ഭലേകര്‍ നഗറിലാണ് സംഭവം. അമ്മയും നാലുവയസുകാരി ദിശയും ആറുമാസം പ്രായമുള്ള മകനുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവിന്‍റെ അമ്മയുടെ മരണാന്തര ചടങ്ങുകള്‍ക്കായി പോയതിനാല്‍ ഭര്‍ത്താവും മറ്റ് ബന്ധുക്കളും വീട്ടിലില്ലായിരുന്നു. ഭിത്തിയില്‍ ഇടിച്ചും ഒച്ചയിട്ടും വീട്ടിലൂടെ നടന്നിരുന്ന ദിശയോട് ശബ്ദം കുറയ്ക്കാന്‍ സവിത നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കുട്ടി ഇത് അനുസരിച്ചില്ല. ഭര്‍ത്താവിനോട് ഇതിനേക്കുറിച്ച് സവിത വിളിച്ച് പരാതിപ്പെട്ടിരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ നിയന്ത്രണം നഷ്ടമായ സവിത കുഞ്ഞിനെ പിടിച്ച് തല ഭിത്തിക്ക് ഇടിയ്ക്കുകയായിരുന്നു. ഇതുകൊണ്ടും ദേഷ്യം അടങ്ങാതെ വന്നതോടെ ഫോണ്‍ ചാര്‍ജ്ജര്‍ കേബിള്‍ ഉപയോഗിച്ച് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. 

അമ്മയുടെ മരണാന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി തിരികെയെത്തിയ ഭര്‍ത്താവ് ദീപക് അര്‍ജ്ജുന്‍ കക്കഡേ വീട്ടിലെ ഹാളില്‍ ഇരിക്കുന്ന സവിതയേയും മകളുടെ ചലനമറ്റ ശരീരവും കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് സവിത വിശദമാക്കിയതായി ദീപക് പറയുന്നു. മകളുടെ വികൃതികള്‍ കൊണ്ട് പൊറുതിമുട്ടിയതിനേ തുടര്‍ന്നാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നും സവിത വിശദമാക്കിയതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ദിശയുടെ മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ച പൊലീസ് കൊലപാതകക്കുറ്റമാണ് സവിതയുടെ മേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പിംപ്രി ചിഞ്ച്വാടിലെ സാംഗ്വി പൊലീസ് ഇന്‍സ്പെക്ടര്‍ വിശദമാക്കിയിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios