തന്‍റെ അച്ഛന്‍റെ രാഷ്ട്രീയ സ്വാധീനം അറിയുമോ എന്ന് ചോദിച്ചായിരുന്നു അക്രോശം. വാഹനം തടഞ്ഞ പൊലീസുകാരന്‍റെ യൂണിഫോം വലിച്ചുകീറാനും ക്യാമറ തകര്‍ക്കാനും യുവതി ശ്രമിച്ചു

ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുവതി ചെന്നൈയില്‍ ട്രാഫിക്ക് പൊലീസുകാരെ കയ്യേറ്റം ചെയ്തു. നഗരമധ്യത്തില്‍ രാത്രി മണിക്കൂറുകളോളമാണ് യുവതി ബഹളം വച്ചത്. അസിസ്റ്റന്‍റ് ഡയറക്ടറായ യുവതിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സിനിമയിലെ അസിസ്റ്റന്‍റ് ഡയറക്ടറായ കാമിനിയും സുഹൃത്തായ യുവ എഞ്ചിനീയര്‍ പ്രസാദും സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എട്ട് മണിയോടെയാണ് പൊലീസ് തടഞ്ഞത്.

കാര്‍ ഓടിച്ചിരുന്ന പ്രസാദ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയതോടെ വാഹനം ഒതുക്കിയിടാന്‍ പൊലീസ് ആവശ്യപ്പെട്ടു. രക്തപരിശോധനയ്ക്കായി ജീപ്പില്‍ കയറാനും പറഞ്ഞു. ഇതോടെ പ്രസാദ് പൊലീസിനോട് തട്ടിക്കയറാന്‍ തുടങ്ങി. പൊലീസും പ്രസാദും തമ്മില്‍ വാക്കുതര്‍ക്കമായതോടെ മുന്‍സീറ്റിലിരുക്കുകയായിരുന്ന കാമിനി പുറത്തിറങ്ങി.

പിന്നാലെ നേരെ അസഭ്യവര്‍ഷമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തന്‍റെ അച്ഛന്‍റെ രാഷ്ട്രീയ സ്വാധീനം അറിയുമോ എന്ന് ചോദിച്ചായിരുന്നു അക്രോശം. വാഹനം തടഞ്ഞ പൊലീസുകാരന്‍റെ യൂണിഫോം വലിച്ചുകീറാനും ക്യാമറ തകര്‍ക്കാനും യുവതി ശ്രമിച്ചു.

കാമിനി മദ്യലഹരിയിലാണെന്ന് ബോധ്യപ്പെട്ടതോടെ വനിതാ പൊലീസിനെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം തിരുവാണ്‍മയൂരില്‍ ഗതാഗത തടസമുണ്ടായി. ചെന്നൈ ഇന്ദിരാനഗറിലെ ബിസിനസുകാരന്‍റെ മകളാണ് യുവതി. ഇന്‍സ്പെക്ടറുടെ പരാതിയില്‍ കാമിനിക്കും പ്രസാദിനുമെതിരെ എതിരെ ഐപിസി 294,323,353 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.