ലക്നൗ: പിന്തുടർന്ന് ശല‌്യം ചെയ്ത യുവാവിന് നേർക്ക് യുവതിയുടെ ആസിഡ് ആക്രമണം. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ഇരുപതുകാരിയായ യുവതിയാണ് ഇരുപത്തിനാല് വയസ്സുള്ള യുവാവിന് നേർക്ക് ആക്രമണം നടത്തിയത്. ഇയാളുടെ കഴുത്തിലും പുറംഭാ​ഗത്തും നെഞ്ചിലും ഇടതു തോളിലും പൊളളലേറ്റതായി പൊലീസ് അറിയിച്ചു. മൊറോവാൻ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ​ഗോദാമാവ് ​ഗ്രാമത്തിലാണ് സംഭവം. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവാവിനെ ലക്നൗവിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതായി പൊലീസ് അറിയിച്ചു.

ആൺകുട്ടിയുടെ പ്രണയാഭ്യർത്ഥനയോട് പെൺകുട്ടി പ്രതികരിക്കാൻ തയ്യാറായിരുന്നില്ലെന്നും അതിനാൽ യുവാവ് നിരന്തരം പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തിരുന്നുവെന്നും പൊലീസ് ഓഫീസർ രാജേന്ദ്ര റജാവാത്ത് വ്യക്തമാക്കുന്നു. ആക്രമണത്തിന് ഇരയായ വ്യക്തിയുടെ ഭാ​ഗത്ത് നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചതിന് ശേഷം അന്വേഷണം നടത്തി കുറ്റവാളിയെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭവാനി ​ഗഞ്ച് ​ഗ്രാമത്തിലെ പാൽസംഭരണ ശാലയിൽ ക്ലീനറായി ജോലി ചെയ്യുകയാണ് ആക്രമണത്തിന് ഇരയായ രോഹിത് യാദവ്. സ്ഥാപനത്തിനുള്ളിൽ രാവിലെ മുതൽ പെൺ‌കുട്ടി ഒളിച്ചിരിക്കുകയായിരുന്നു എന്ന് പൊലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.