മീററ്റ്: കുട്ടിക്കടത്താരോപിച്ച് 25കാരിയായ യുവതിയെ തിരക്കേറിയ മാർക്കറ്റിന് നടുവിൽ വച്ച് ആൾക്കൂട്ടം മർദ്ദിച്ചു. തുടർന്ന് ഇവരുടെ വസ്ത്രം വലിച്ചുകീറി. വാട്‌സ്ആപ്പിൽ പരന്ന വ്യാജസന്ദേശത്തിന് പിന്നാലെയാണ് ഹപുർ സ്വദേശിയായ യുവതിയാണ് മീററ്റിലെ മാർക്കറ്റിൽ വച്ച് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. 200 ലേറെ പേർ തടിച്ചുകൂടിയിരുന്ന മീററ്റിലെ മാർക്കറ്റിൽ വച്ചാണ് സംഭവം.

സംഭവത്തിൽ 21 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കണ്ടാലറിയാവുന്ന 500 പേർക്കെതിരെ പൊലീസ് കേസെടുത്തു. പത്ത് പേരെ പൊലീസ് ഐപിസി 307, 354, 323 വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു.

മീററ്റിലെ വാലി ബസാറിൽ ഭർതൃ ഗൃഹത്തിൽ നിന്ന് ശ്യാം നഗർ കോളനിയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. യുവതിയുടെ വസ്ത്രധാരണ രീതിയിൽ, ഇവർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബാഗത്തെ പോലെയുണ്ടായിരുന്നുവെന്നും ഇതിൽ സംശയം തോന്നിയാണ് ആക്രമിച്ചതെന്നുമാണ് പ്രതികളുടെ മൊഴി. 

യുവതിയെ പിന്തുടർന്ന സംഘം ജനങ്ങൾ നോക്കിനിൽക്കെ ഇവരുടെ ബുർഖ വലിച്ചുകീറിയ ശേഷം ഇവരെ മർദ്ദിക്കുകയായിരുന്നു. കൊലപ്പെടുത്താനായിരുന്നു പ്രതികൾ ഉദ്ദേശിച്ചതെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.  പ്രതികളെ യുവതി തിരിച്ചറിഞ്ഞു.