തിരുവനന്തപുരം: 17കാരനുമായി നിരന്തരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 45കാരിക്കെതിരെ പൊലീസ് കേസ്. തിരുവനന്തപുരം പൊഴിയൂരിലാണ് സംഭവം. ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് 17കാരന്‍ ലൈംഗിക പീഡനം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി യുവതി  ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് 17കാരന്‍ മൊഴി നല്‍കി. കുട്ടിയുടെ അമ്മവഴിയുള്ള ബന്ധുവാണ് കേസിലെ പ്രതി. 

രണ്ട് വര്‍ഷം മുമ്പ് കുട്ടി ഇവരുടെ വീട്ടില്‍ അവധിക്കാലത്ത് വിരുന്നിന് പോയ സമയത്താണ് ബന്ധം ആരംഭിക്കുന്നത്. പിന്നീട് ക്ലാസ് ഒഴിവാക്കി 17കാരന്‍ ഇവരുടെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങി. ഇവരുടെ വീട്ടില്‍നിന്ന് സ്കൂളില്‍ പോകാമെന്ന കുട്ടിയുടെ ആവശ്യം മാതാപിതാക്കള്‍ നിരാകരിച്ചതോടെ 17കാരന്‍റെ സ്വഭാവത്തില്‍ വ്യത്യാസം വന്നു തുടങ്ങി. നിസാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുകയും ടിവി എറിഞ്ഞുടക്കുയും ചെയ്തു. ഒരിക്കല്‍ അച്ഛനെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ സമീപിച്ചത്.

17കാരനെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കി. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പോക്സോ പ്രകാരം 3,4,5 വകുപ്പുകള്‍ സ്ത്രീക്കെതിരെ ചുമത്തിയതായി പൊഴിയൂര്‍ പൊലീസ് അറിയിച്ചു.