സ്പോർട്സ് പരിശീലനം കഴിഞ്ഞ് സേനയിൽ ചേരാനുള്ള പരീക്ഷകൾക്ക് കാത്തിരിക്കുന്നതിനിടെയാണ്  വീട്ടുകാർ ഭുവനേശ്വരിയുടെ വിവാഹം നടത്തിയത്. ഇതോടെ ജോലിക്ക് പോകാൻ കഴിയില്ലെന്ന് കരുതിയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.  

തേനി: കല്ല്യാണം കഴിഞ്ഞ് ഇരുപത്തിയെട്ടാം ദിവസം ഭര്‍ത്താവിനെ കൊല്ലാൻ(murder) ക്വട്ടേഷന്‍(Quotation) നൽകിയ ഭാര്യ അത്മഹത്യ(Suicide) ചെയ്തു. തേനി ജില്ലയിലെ കമ്പത്താണ് സംഭവം. കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പിടിയിലാകുമെന്ന് ഭയന്നാണ് ഭാര്യ(Wife) വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കമ്പം സ്വദേശി ഭുവനേശ്വരിയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. നവംബര്‍ 10-നായിരുന്നു കമ്പം ഉലകത്തേവർ തെരുവിൽ താമസിക്കുന്ന ഗൗതമിൻറെയും ഭുവനേശ്വരിയുടെയും വിവാഹം നടന്നത്.

കേബിൾ ടിവി ജീവനക്കാരനാണ് ഗൌതം. സ്പോർട്സിനോട് കമ്പമുണ്ടായിരുന്ന ഭുവനേശ്വരി നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. സ്പോർട്സ് പരിശീലനം കഴിഞ്ഞ് സേനയിൽ ചേരാനുള്ള പരീക്ഷകൾക്ക് കാത്തിരിക്കുന്നതിനിടെയാണ് വീട്ടുകാർ ഭുവനേശ്വരിയുടെ വിവാഹം നടത്തിയത്. ഇതോടെ ജോലിക്ക് പോകാൻ കഴിയില്ലെന്ന് കരുതിയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി പരിശീന ക്ലാസിൽ ഒപ്പമുണ്ടായിരുന്ന തേനി ഹനുമന്ധൻപെട്ടി സ്വദേശിയായ നിരഞ്ജന്‍ രാജിന് ക്വട്ടേഷൻ നൽകി. മൂന്നു പവൻറെ സ്വർണം പണയം വെച്ച് 75000 രൂപ ഇയാള്‍ക്ക് കൈമാറി.

ഈ പണം ഉപയോഗിച്ച് നിരഞ്ജൻ കേരള രജിസ്ട്രേഷനിലുള്ള ഒരു കാർ വാങ്ങി. നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഭുവനേശ്വരി ഭർത്താവുമായി ലോവർ ക്യാമ്പ് ഭാഗത്ത് സന്ദർശനത്തിനായി പോയി. തിരികെ വരും വഴി ഗൂഡല്ലൂനടുത്ത് തൊട്ടിൽപ്പാലത്ത് കാഴ്ചകൾ കാണാനായി സ്‌കൂട്ടർ റോഡരികില്‍ നിര്‍ത്തി. മൊബൈലിൽ സംസാരിച്ചു കൊണ്ട് അൽപ ദൂരം മുന്നോട്ട് നടന്നു. തിരികെ സ്‌കൂട്ടറിനടുത്ത് എത്തിയപ്പോൾ ടയർപഞ്ചറായതായി കാണപ്പെട്ടു. 

വാഹനം തള്ളിക്കൊണ്ട് ഗൌതം നീങ്ങുന്നതിനിടെ കാറിൽ എത്തിയ ക്വട്ടേഷൻ സംഘം സ്കൂട്ടറിൽ ഇടിപ്പിച്ചെങ്കിലും ഗൌതം രക്ഷപെട്ടു. തുടർന്ന് വാഹനം നിര്‍ത്തി ഇറങ്ങിയ സംഘം ഗൗതമിനെ മര്‍ദ്ദിച്ചു ആളുകൾ ഓടി എത്തിയതോടെ കാർ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. തുടർന്ന് ഗൗതം ഗൂഡല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിലെ നിരഞ്ജൻ, പ്രദീപ്, മനോജ് കുമാര്‍, ആല്‍ബര്‍ട്ട് എന്നിവർക്കൊപ്പം പ്രായ പൂർത്തിയാകാത്ത രണ്ടു പേരും പിടിയിലായി. 

ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് മനസ്സിലാക്കിയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പണം കണ്ടെത്താൻ പണയം വച്ച സ്വര്‍ണ്ണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തിലെ അംഗവും കേസിലെ പ്രതിയുമായ ജെറ്റ്‌ലിക്കു വേണ്ടി ഗൂഡല്ലൂർ പൊലീസ് തിരിച്ചിൽ ഊര്‍ജിതമാക്കി.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)