ബംഗളൂരു: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ കുളിക്കാത്ത ഭര്‍ത്താവ് തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയാണെന്ന പരാതിയുമായി വീട്ടമ്മ. ബംഗളൂരു പൊലീസിന്റെ വനിതാ സെല്ലില്ലാണ് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ വീട്ടമ്മ പരാതി നല്‍കിയിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതല്‍ ഭര്‍ത്താവ് കുളിച്ചിട്ടില്ലെന്നും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയുമാണെന്നുമാണ് പരാതി.

പലചരക്ക് വ്യാപാരിയായ ഭര്‍ത്താവ് ലോക്ക്ഡൗണ്‍ സമയത്ത് പണമിടപാട് നടത്താനുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കട തുറക്കുന്നില്ല. ഇതിനൊപ്പം ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത് മുതല്‍ വ്യക്തിശുചിത്വം പാലിക്കാതെയും കുളിക്കാതെയുമായതായും 31 വയസുള്ള വീട്ടമ്മ പറഞ്ഞതായി പൊലീസ് പറഞ്ഞു. ഒരു മഹാമാരി പടരുന്ന സമയത്ത് ശുചിത്വത്തിന്റെ പ്രാധാന്യം പറഞ്ഞ് മനസിലാക്കാന്‍ അവര്‍ ഒരുപാട് നോക്കി.

പക്ഷേ, ഭര്‍ത്താവ് അംഗീകരിച്ചില്ല. കുളിക്കാത്തതിന് പുറമെ ലൈംഗിക ബന്ധത്തിനായി എപ്പോഴും നിര്‍ബന്ധിക്കാനും തുടങ്ങി. അച്ഛന്റെ ദിനചര്യ പിന്തുടര്‍ന്ന് അവരുടെ ഒമ്പത് വയസുള്ള മകളും കുളിക്കാതെയായെന്നും മുതിര്‍ന്ന കൗണ്‍സിലറായ ബി എസ് സരസ്വതി പറഞ്ഞു.

വനിത ഹെല്‍പ്പ്‌ലൈനില്‍ വന്ന ഒരു പരാതി മാത്രമാണിതെന്നും ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ബംഗളൂരുവിലെയോ കര്‍ണാടകയിലെയോ ഇന്ത്യയിലെയോ മാത്രം അവസ്ഥയല്ലിത്. വിദേശ രാജ്യങ്ങളില്‍ അടക്കം ഗാര്‍ഹിക പീഡനങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.