തൃശ്ശൂര്‍: പെരിങ്ങോട്ടുകരയില്‍ വിവാഹം കഴിഞ്ഞ് 14-ാം ദിവസം  യുവതി മരിച്ചത് കൊലപാതകമെന്ന് ബന്ധുക്കള്‍. മുല്ലശ്ശേരി സ്വദേശി ശ്രുതിയെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സംസ്ഥാന വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 

കഴിഞ്ഞ ഡിസംബര്‍ 22 നാണ് ശ്രുതിയുടെയും അരുണിന്റെയും വിവാഹം നടന്നത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭര്‍ത്താവിന്റെ വീട്ടില്‍  ശ്രുതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിയിച്ചത്.  

എന്നാല്‍  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്രുതിയുടെ കഴുത്തില്‍ ശക്തിയായി ഞെരിച്ചതന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ശ്രുതിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്  ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചിട്ടുണ്ട്. 

പരാതിയുടെ അടിസ്ഥാനത്തില്‍ അന്തിക്കാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ സ്വമേധയാ  കേസെടുത്ത വനിതാ കമ്മീഷന്‍ തൃശൂര്‍ എസ് പിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.