"എറണാകുളം: ആലുവയിൽ ജ്വല്ലറിയില്‍ നിന്നും മാല മോഷ്ടിച്ച് യുവതി കടന്നു കളഞ്ഞു. അരപവനിൽ അധികം തൂക്കം വരുന്ന മാലയുമായാണ് യുവതി കടന്ന് കള‍ഞ്ഞത്. ഇവരുടെ സിസിടിവി ദൃശ്യങ്ങളുണ്ടെങ്കിലും മാസ്ക്കുള്ളതിനാൽ മുഖം വ്യക്തമല്ല.

ആലുവ ചൂണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രന്‍സ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. 30 വയസ്സ് തോന്നിക്കുന്ന സ്ത്രീ വൈകിട്ടോടെ കടയിലെത്തി. കയ്യിൽ ഉള്ള മാല മാറി വാങ്ങണം എന്ന വ്യാജേനയാണ് ഇവർ കടയിലെത്തിയത്. ജ്വല്ലറി ഉടമയായ ജിമേഷിനോട് പകരം മാല കാണിക്കണമെന്ന് ആവശ്യപ്പെട്ടു.ഇതിനിടയിൽ ഉടമയുടെ കണ്ണ് വെട്ടിച്ച് അര പവന്റെ മുകളില്‍ തൂക്കം വരുന്ന മാല ഇവർ പേഴ്സിലൊളിപ്പിച്ചു.

 ഉടനെ ഈ മോഡൽ അല്ല വേണ്ടതെന്ന് പറഞ്ഞ് യുവതി ജ്വല്ലറിയിൽ നിന്ന് കടന്നു കളയുകയായിരുന്നു. സംശയം തോന്നിയ  ഉടമയും,തൊഴിലാളിയും മോഷ്ടാവിനെ തിരഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല. എടത്തല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.