മൃതദേഹത്തിന് സമീപം ചോര പാടുകൾ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സുനിതയുടെ ഭർത്താവ് ഷൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി: എറണാകുളം കാലടി മറ്റൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മറ്റൂർ വരയിലാൻ വീട്ടിൽ ഷൈജുവിന്‍റെ ഭാര്യ സുനിതയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ഷൈജുവിനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.
ഇന്ന് ഉച്ചയോടെ മറ്റൂരിലെ വീട്ടിലാണ് 36 കാരിയായ സുനിതയുടെ മൃതദേഹം കണ്ടത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് ഷൈജുവിന്റെ അമ്മ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് രക്തത്തിൽ കുതിർന്ന് കിടന്ന സുനിതയെ കാണ്ടത്. വിവരമറിഞ്ഞെത്തിയ അയൽവാസികളും, ഭർതൃസഹോദരനും ചേർന്ന് സുനിതയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുനിതയുടെ നെഞ്ചിൽ ആഴമുള്ള മുറിവുണ്ട്. ഗോവണിയിൽ നിന്നും വീണാണ് സുനിതക്ക് പരിക്ക് പറ്റിയതെന്നാണ് ഭര്‍ത്താവ് ഷൈജു പൊലീസിനോട് പറഞ്ഞത്.
ഷൈജുവും ഭാര്യ സുനിതയും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടാകാറുള്ളതായി അയല്‍വാസികള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കാലടി പൊലിസീൽ പരാതി നൽകിയിരിന്നുവെന്ന് സുനിതയുടെ ബന്ധുക്കളും പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് പൊലീസ് ഷൈജുവിനെ കസ്റ്റഡിയിലെടുത്തു. ഷൈജുവിനെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് കാലടി പൊലീസ് അറിയിച്ചു.
