അയല്‍ക്കാരന്‍റെ  സ്വാധീനത്താലാണ് നിരന്തരം മദ്യപിച്ചെത്തി ഭ‍ർത്താവ് തനിക്കെതിരെ തിരിയുന്നതെന്ന് സീമ സംശയിച്ചു. ഇതോടെയാണ് സുരേഷിനെ ആക്രമിക്കാന്‍ സീമ പദ്ധതിയിട്ടത്. 

കണ്ണൂര്‍: പൊലീസുകാരനായ ഭർത്താവിനെ വഴിതെറ്റിക്കുന്നു എന്നാരോപിച്ച് അയൽവാസിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകി ബാങ്ക് ഉദ്യോഗസ്ഥ. കണ്ണൂർ സ്വദേശി സീമ എൻവി ആണ് അയല്‍വാസിയായ പരിയാരം സ്വദേശി സുരേഷ് ബാബുവിനെ ആക്രമിക്കാനായി ക്വട്ടേഷന്‍ നല്‍കിയത്. മൂന്ന് ലക്ഷം രൂപയ്ക്ക് നൽകിയ ക്വട്ടേഷനിൽ സുരേഷ് ബാബുവിന് ഗുരുതര പരിക്കേറ്റു. 
നാലുമാസം മുമ്പാണ് ആക്രമണം നടന്നത്. 

ആക്രമണം നടത്തിയ ആളുകൾ പൊലീസ് പിടിയിലായെങ്കിലും സീമ ഒളിവിൽ തുടരുകയാണ്. രാത്രിയില്‍ വീട്ടു വരാന്തയിൽ ഇരിക്കുകയായിരുന്ന സുരേഷ് ബാബുവിനെ കാറിലെത്തിയ ഒരു സംഘം വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ചോരയിൽ കുളിച്ച് സുരേഷ് ബാബു മുറ്റത്തേക്ക് കുഴഞ്ഞു വീണുപോയി. നാല് മാസം മുൻപ് നടന്ന ആക്രമണത്തിന്റെ നടുക്കത്തിലാണ് ഇന്നും സുരേഷ് ബാബു.

അയൽക്കാരനും ബന്ധുവുമായ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ബാങ്ക് ഉദ്യോഗസ്ഥയായ സീമയാണ് ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് അന്വേഷണത്തിൽ മനസിലായി. ഭർത്താവും സീമയും തമ്മില്‍ കലഹം പതിവായിരുന്നു. സുരേഷിന്റെ സ്വാധീനത്താലാണ് നിരന്തരം മദ്യപിച്ചെത്തി ഭ‍ർത്താവ് തനിക്കെതിരെ തിരിയുന്നതെന്ന് സീമ സംശയിച്ചു. ഇതോടെയാണ് സുരേഷിനെ ആക്രമിക്കാന്‍ സീമ പദ്ധതിയിട്ടത്. പ്രദേശത്തെ ബിജെപി പ്രവർത്തകനായ രതീഷ് വഴിയാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്. കൃത്യം നടത്താനായി മൂന്ന് ലക്ഷം രൂപയും നൽകി.

ആക്രമണം നടത്തിയ ജിഷ്ണു, അഭിലാഷ്, സുധീഷ് രതീഷ് എന്നിവർ പൊലീസിന്റെ പിടിയിലായി. പക്ഷെ സീമ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യംകിട്ടും വരെ അറസ്റ്റ് ചെയ്യാതെ പരിയാരം പൊലീസ് ഒത്തുകളിക്കുന്നു എന്നാണ് സുരേഷ് ബാബുവും ബന്ധുക്കളും ആരോപിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona