നന്ദിയോട് സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്. പങ്കാളി രാജേഷിനെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷിക്കണേ എന്ന് കരഞ്ഞ് കൊണ്ട് ഓടിയ സ്ത്രീയെ പ്രതി പുറകെ പോയി വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പേരൂര്‍ക്കടക്ക് സമീപം വഴയിലയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. നന്ദിയോട് സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്. പങ്കാളി രാജേഷിനെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷിക്കണേ എന്ന് കരഞ്ഞ് കൊണ്ട് ഓടിയ സ്ത്രീയെ പ്രതി പുറകെ പോയി വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറയുന്നു. കഴുത്തിലാണ് ആദ്യം വെട്ടേറ്റത്. പിന്നെ തലയിലും കയ്യിലും വെട്ടുകയായിരുന്നു.

രാവിലെ ഒമ്പത് മണിയോടെ നല്ല തിരക്കുള്ള നേരത്താണ് വഴയിലയിലെ റോഡരികിൽ നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. 50 വയസ്സുള്ള സിന്ധുവിനെ രാജേഷ് എന്നയാൾ വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിനും തലക്കും വെട്ടേറ്റു, റോഡിൽ കിടന്ന് പിടഞ്ഞ സിന്ധുവിനെ നീട്ടുകാരും പൊലീസും ചേര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയെങ്കിലും മരിച്ചു. ഒരുമിച്ച് താമസിക്കുന്നതിനിടെ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

രണ്ട് പേരും മുൻപ് വിവാഹിതരാണ്, കുട്ടികളുമുണ്ട്. 12 വര്‍ഷമായി ഒരുമിച്ച് കഴിയുന്നു. കഴിഞ്ഞ ഒരു മാസമായി അകൽച്ചയിലാണ്. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് പിന്തുടര്‍ന്ന് വന്ന് വെട്ടിയതെന്നാണ് പ്രതി രാജേഷ് പൊലീസിനോട് പറഞ്ഞത്. കിളിമാനൂരിൽ പൊലീസ് സ്റ്റേഷന് സമാപം ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്. വഴയിലയിലെ ഒരു സ്ഥാപനത്തിൽ ഇന്ന് രാവിലെ ജോലിക്കെത്താനിരുന്നതായിരുന്നു സിന്ധു. സ്ഥാപനത്തിന് അമ്പത് മീറ്റര്‍ അകലെ വച്ചാണ് കൊലപാതകം നടക്കുന്നത്. പ്രണയം നിഷേധിച്ചതിലുള്ള പകയും സാമ്പത്തിക പ്രശ്നങ്ങളും ആസൂത്രിതമായ കൊലപാതകത്തിലെത്തിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.