ഭോപ്പാല്‍: പാമ്പുകടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയെ വാര്‍ഡിനുള്ളില്‍ കുടുംബാംഗങ്ങള്‍  മന്ത്രവാദ കര്‍മ്മങ്ങള്‍ക്ക് വിധേയയാക്കിയതായി ആരോപണം.  മധ്യപ്രദേശിലെ ദമോഹിലെ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. മന്ത്രവാദത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഇമര്‍തി ദേവി എന്ന ഇരുപത്തിയഞ്ചുകാരിയെ പാമ്പുകടിയേറ്റതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ മന്ത്രവാദിയെ  വാര്‍ഡിനുള്ളിലേക്ക് വിളിച്ചുവരുത്തി. മന്ത്രവാദ ക്രിയകളുടെ പേരില്‍ യുവതിയെ വിവസ്ത്രയാക്കുകയും അപമാനിക്കുകയും ചെയ്തതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. 

സുരക്ഷാ ഉദ്യോഗസ്ഥരും മറ്റ് വാര്‍ഡുകളില്‍ രോഗികളെ പരിശോധിക്കുന്ന തിരക്കിലായിരുന്ന ഡോക്ടറും സംഭവം അറിഞ്ഞില്ലെന്നും എന്നാല്‍ മന്ത്രവാദം കണ്ട നഴ്സ് ഇതുനിര്‍ത്താന്‍ ശ്രമിച്ചില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.