മുംബൈ: മഹാരാഷ്ട്ര സെക്രട്ടറിയേറ്റ് കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് ചാടി 32കാരിയുടെ ആത്മഹത്യാശ്രമം. എന്നാല്‍, താഴെ കെട്ടിയ വല യുവതിയുടെ ജീവന്‍ രക്ഷിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.മുംബൈ ഉല്ലാസ്നഗര്‍ സ്വദേശി പ്രിയങ്ക ഗുപ്തയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സര്‍ക്കാർ ഉദ്യോഗസ്ഥന്‍റെ ഡ്യൂട്ടി തടസ്സപ്പെടുത്തിതിന് യുവതിക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് ഉദ്യോഗസ്ഥന്‍ കേസെടുത്തിരുന്നു. തുടര്‍ന്ന് ഇവര്‍ നടത്തുന്ന ജ്യൂസ് ഷോപ്പിനെതിരെ പൊലീസ് നടപടിയെടുത്തു. സെക്രട്ടറിയേറ്റില്‍ നീതി തേടിയാണ് എത്തുന്നതെന്ന് യുവതി പറഞ്ഞതായി പൊലീസ് പറഞ്ഞു. സെക്രട്ടറിയേറ്റിന് മുകളില്‍ നിന്ന് ചാടി നേരത്തെ യുവാവ് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് താഴെ വല കെട്ടിയത്.