'സകലതിലും കയറി ഇടപെടുന്നു', കാമുകനെ കൊല്ലാൻ 'പാമ്പിനെ ഏർപ്പാടാക്കി', പുതിയ കാമുകനൊപ്പം ഒളിച്ചോടി യുവതി!

ഹല്‍ദ്വാനി: സകലതിലും കയറി ഇടപെടുന്ന കാമുകന്‍റെ ശല്യം സഹിക്കാവുന്നതിലും അധികമായപ്പോൾ, പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി കാമുകി. ഈ വർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഭവത്തിൽ പാമ്പാട്ടി പിടിയിലായിട്ടുണ്ട്. എന്നാൽ ഇതിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കാമുകന്റെ ശല്യം ഒഴിവാക്കുന്നതോടൊപ്പം പുതിയ കാമുകനുമായി ജീവിക്കാൻ കൂടി വേണ്ടിയായിരുന്നു യുവതി കൊടും ക്രൂരകൃത്യത്തിന് ക്വട്ടേഷൻ നൽകിയത്. 

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ബിസിനസുകാരനായ യുവാവിന്‍റെ മൃതദേഹം കാറില്‍ കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം. അങ്കിത് ചൌഹാന്‍ എന്ന യുവാവിനെയാണ് ജൂലൈ 17ന് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. ഇിതനിടെ അങ്കിത് ചൌഹാന്‍റെ കാലില്‍ പാമ്പ് കടിച്ച പാടുകള്‍ കണ്ടെത്തിയിരുന്നു. ഇത് അപ്പോൾ തന്നെ പൊലീസിന് സംശയം ഉണ്ടാക്കുകയും ചെയ്തു. 

എന്നാൽ അങ്കിതിന്റെ സഹോദരി ഒരു പരാതി കൂടി ഹൽദ്വാനി പൊലീസ് സ്റ്റേഷനിൽ നൽകി. തന്റെ സഹോദരനുമായി ഡേറ്റ് ചെയ്യുന്ന മഹി ആര്യ എന്ന യുവതിയെ സംശയമുണ്ടെന്നായിരുന്നു പരാതി. ഇത് പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കി. മഹിയുടെ കോൾ ലിസ്റ്റ് പൊലീസ് പരിശോധിച്ചു. ഇതിൽ പാമ്പാട്ടിയുമായി പലതവണ സംസാരിച്ചതായി കണ്ടെത്തി. മഹി സംസാരിച്ചവരിൽ സംശയമുള്ളവരെയെല്ലാം നിരീക്ഷിക്കുന്നതിനിടിയിൽ പാമ്പാട്ടി പിടിയിലായി. 

പിന്നാലെ നടന്ന ചോദ്യ ചെയ്യലിലാണ് കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. തന്റെ സകല കാര്യങ്ങളിലും ഇടപെടുന്ന കാമുകനെ ഒഴിവാക്കാനാണ് കൊല്ലാൻ തന്നെ ചുമതലപ്പെടുത്തിയതെന്ന് പാമ്പാട്ടി പൊലീസിന് മൊഴിനൽകി. മഹിയും സഹായികളും അടക്കമുള്ള കൊലപാതകത്തില്‍ നാല് പേരെയാണ് പൊലീസ് ഇപ്പോൾ തിരയുന്നത്.

 സംഭവത്തേക്കുറിച്ച് നൈനിറ്റാള്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് വിശദമാക്കുന്നത് ഇങ്ങനെയാണ്. ഡോളി എന്നപേരില്‍ അറിയപ്പെടുന്ന മഹി ആര്യയെന്ന യുവതിയുമായി അങ്കിത് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. അങ്കിതുമായി സാമ്പത്തിക ഇടപാടുകള്‍ അടക്കം മഹിക്ക് ഉണ്ടായിരുന്നു. ഇടംവലം തിരിയാൻ സമ്മതിക്കാത്ത തരത്തിൽ സകല കാര്യങ്ങളിലും അങ്കിത് ഇടപെട്ടതോടെ പ്രണയ ബന്ധം ഒഴിയാനുള്ള മഹി ശ്രമിച്ചു. ഇതിനിടയിൽ മറ്റൊരാളുമായി മഹി പ്രണയം ആരംഭിച്ചിരുന്നു. എന്നാൽ അങ്കിത് ബന്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിശദമാക്കി പിന്നാലെ നടന്നു.

Read more: പാങ്ങോട് 14-കാരിയെ വായിൽ തുണി തിരുകി പീഡിപ്പിച്ച 24-കാരനായ ചിറ്റപ്പന് 13 വർഷം തടവും പിഴയും വിധിച്ച് കോടതി

ഇതോടെ ഏത് വിധേനെയും അങ്കിതിനെ ഒഴിവാക്കാനുള്ള കാമുകിയുടെ ശ്രമമാണ് കൊലപാതകത്തിലെത്തിയത്. മറ്റ് രീതിയില്‍ കൊലപ്പെടുത്തിയാല്‍ പൊലീസ് കേസാകുമെന്ന് ഭയന്ന് സാധാരണ മരണം എന്ന നിലയിലേക്ക് പദ്ധതി തയ്യാറാക്കിയാണ് പാമ്പാട്ടിക്ക് ക്വട്ടേഷന്‍ നല്‍കിയത്. ഇതിന് പിന്നാലെ പുതിയ കാമുകനൊപ്പം ഇരുവരും നേപ്പാളിലേക്ക് കടക്കുകയും ചെയ്തു. പാമ്പാട്ടി തന്ത്ര പരമായി അങ്കിതിന്‍റെ കാലില്‍ പാമ്പിനെ കൊണ്ട് കൊത്തിക്കുകയായിരുന്നു. പാമ്പ് കടിയേറ്റ് മരിച്ചുവെങ്കിലും പൊലീസുകാര്‍ക്ക് തോന്നിയ സംശയത്തില്‍ നടന്ന അന്വേഷണത്തില്‍ കൊലപാതക വിവരം പുറത്ത് വരികയായിരുന്നു.