ഒഡീഷ: പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ കമിതാക്കളുടെ ജീവിതത്തിൽ സംഭവിച്ചത് വളരെ വിചിത്രമായ വഴിത്തിരിവ്. വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം ശല്യമായി തോന്നിയ യുവാവ് മുറിക്കുള്ളിൽ യുവതിയെ പൂട്ടിയിട്ടതിന് ശേഷം മൊബൈലുമായി കടന്നു കളഞ്ഞു. ഒഡീഷയിലാണ് സംഭവം.

ഒഡീഷയിലെ അങ്കുൾ ജില്ലയി‌ലെ ബലറാംപ്രസാദ് ​ഗ്രാമത്തിൽ നിന്നുള്ളയാളാണ് യുവാവ്. അതേ ​ഗ്രാമത്തിൽ തന്നെയുള്ള പെൺകുട്ടിയുമായി ഇയാൾ പത്ത് വർഷത്തിലധികമായി പ്രണയത്തിലായിരുന്നു. ''എന്നാൽ വിവാഹിതരാകാമെന്ന് യുവതി പറയുമ്പോഴെല്ലാം ഇയാൾ പതിവായി ഒഴിവുകഴിവുകൾ പറഞ്ഞിരുന്നതായി യുവതി വെളിപ്പെടുത്തുന്നു. ഒരു ദിവസം യുവതി നേരിട്ട് ഇയാളുടെ ഓഫീസിലെത്തുകയും എത്രയും പെട്ടെന്ന് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പടുകയും ചെയ്തു. ''നാൽകോന​ഗർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരോജിനി സമദ് വ്യക്തമാക്കി. 

യുവതിയുടെ അഭ്യർത്ഥന കേട്ട് കോപാകുലനായ യുവാവ് ഓഫീസിനുള്ളിലെ മുറിയിൽ പെൺകുട്ടിയെ പൂട്ടിയിട്ട്, മൊബൈൽ ഫോണുമെടുത്ത് കടന്നുകളഞ്ഞു. സഹായത്തിനായി യുവതി ബഹളം വച്ചപ്പോൾ ഓഫീസിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികൾ ശബ്ദം കേട്ട് ​​ഗ്രാമവാസികളെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് യുവതിയെ മുറിക്കുള്ളിൽ നിന്നും മോചിപ്പിച്ചത്. 

''കഴിഞ്ഞ പത്ത് വർഷത്തിലധികമായി വളരെയധികം പ്രണയത്തോടെയാണ് അയാൾ എന്നോട് ഇടപഴകിയിരുന്നത്. എന്നാൽ അയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ‌ പോകുകയാണെന്ന് ഞാനറിഞ്ഞു. ഇക്കാര്യം ചോദിക്കാൻ വേണ്ടിയാണ് ഞാൻ ഓഫീസിൽ‌ ചെന്നത്. എന്നാൽ അയാൾ എന്നെ മുറിയിൽ പൂട്ടി മൊബൈലുമായി കടന്നു കളഞ്ഞു.'' പെൺകുട്ടി ആരോപിക്കുന്നു.