കോട്ടയം മുണ്ടക്കയത്തിനടുത്ത് കോരുത്തോട് ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജലിയുടേത് കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുളള ആത്മഹത്യ എന്നാണ് പൊലീസിന്‍റെ നിഗമനം

കോട്ടയം മുണ്ടക്കയത്തിനടുത്ത് കോരുത്തോട് ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജലിയുടേത് കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുളള ആത്മഹത്യ എന്നാണ് പൊലീസിന്‍റെ നിഗമനം. പ്രണയിച്ച് വിവാഹം കഴിച്ച അഞ്ജലിയും ഭർത്താവും കുറച്ച് നാളുകളായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. മുണ്ടക്കയം കോരുത്തോട് മടുക്കയിലാണ് സംഭവം. കുരുന്നുമലയില്‍ ശ്യാമിന്‍റെ ഭാര്യ അഞ്ജലി എന്ന 26- കാരിയാണ് മരിച്ചത്. 

വീട്ടിലെ അടുക്കളയോട് ചേര്‍ന്ന കിണറ്റില്‍ ഇന്ന് രാവിലെയാണ് അഞ്ജലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാഞ്ഞിരപ്പളളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉളള പൊലീസ് സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പിന്നീട് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. 

അഞ്ജലി സ്വയം കിണറ്റില്‍ ചാടി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്‍റെ അനുമാനം. വീട്ടില്‍ ഭര്‍ത്താവുമായുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ദിവസങ്ങളായി അഞ്ജലി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന സൂചനയും പൊലീസിന് കിട്ടിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കൂ എന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു. ആറു വര്‍ഷം മുമ്പാണ് ശ്യാമും അഞ്ജലിയും പ്രണയിച്ച് വിവാഹം കഴി‍ച്ചത്. അഞ്ചു വയസുളള ഇരട്ടപെണ്‍കുട്ടികളും ദമ്പതികള്‍ക്കുണ്ട്.

Read more: ബൈക്കപകടം നടന്നയുടൻ യാത്രികൻ ഓടി, ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ, കയ്യിൽ രണ്ട് കിലോ കഞ്ചാവ്, സിസിടിവി ദൃശ്യം

അതേസമയം, രണ്ടര വർഷം മുമ്പ് അബുദാബിയില്‍ മരിച്ച ചാലക്കുടി സ്വദേശി ഡെൻസിയുടെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടത്തും. നോർത്ത് ചാലക്കുടി സെന്‍റ്. ജോസഫ്സ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ച മൃതദേഹം രാവിലെ ഒന്പതരയോടെ പുറത്തെടുക്കും. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് റീ പോസ്റ്റ് മോർട്ടം. നിലന്പൂരിലെ പാരമ്പര്യ വൈദ്യൻ കൊലക്കേസിലെ മുഖ്യ പ്രതി ഷൈബിൻ അഷ്റഫാണ് ഡെൻസിയേയും അബുദാബിയിലെ സ്ഥാപന ഉടമ ഹാരിസിനെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.