ബീഹാർ: കഴുത്തിൽ വെടിയേറ്റ നിലയിൽ യുവതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. ബീഹാറിലെ ഭോജ്പൂർ ജില്ലയിൽ ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. യുവതി‌യുടെ മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷം യുവതിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കപ്പെടുന്ന യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ടിയാർ പൊലീസ് സ്റ്റേഷന് സമീപത്തുള്ള വിജനമായ സ്ഥലത്താണ് യുവതിയുടെ ശവശരീരം കണ്ടെത്തിയത്. 

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യുവതി ബലാത്സം​ഗത്തിനിരയായിട്ടുണ്ടോ എന്ന് കണ്ടെത്താൻ സാധിക്കൂ എന്ന് ജ​ഗദീഷ്പൂർ സബ് ഡീവിഷണൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ശ്യാം കിഷോർ രജ്ഞൻ വ്യക്തമാക്കി. കൂടാതെ യുവതിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവതിയുമായി ബന്ധമുണ്ടായിരുന്നെന്ന് സംശയിക്കപ്പെടുന്നയാളെ അയാളുടെ താമസസ്ഥലത്ത് തൂങ്ങിമരിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇയാളുടെ മൊബൈൽ ഫോൺ പൊലീസിന് ലഭിച്ചതായി ഭോജ്പൂര്‍ എസ്പി സുശീല്‍ കുമാര്‍ പറഞ്ഞു. ''യുവതി മരിച്ച സമയത്ത് അയാൾ അവിടെയുണ്ടായിരിക്കാമെന്ന് സംശയിക്കുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം കുറ്റബോധം മൂലം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നി​ഗമനം.'' മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥരിലൊരാൾ വ്യക്തമാക്കുന്നു.