പൊലീസ് വരുന്നത് വരെ റോഡരികിൽ കത്തിയുമായി പ്രതി മൃതദേഹത്തിന് കാവലിരുന്നു
ബെംഗളുരു: യുവതിയെ നടുറോഡിലിട്ട് യുവാവ് കുത്തിക്കൊന്നു. ഇന്നലെ രാത്രി 7.30-യോടെ ബെംഗളുരു മുരുഗേശ് പാളയയിലാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞിറങ്ങുകയായിരുന്ന യുവതിയെ പതിനാറ് തവണയാണ് ഇയാൾ കത്തികൊണ്ട് കുത്തിയത്. ആന്ധ്രയിലെ കാക്കിനട സ്വദേശിനിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. ലീലയെ ആക്രമിച്ച ആന്ധ്ര ശ്രീകാകുളം സ്വദേശി ദിനകർ ബനാലയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിൽ നിന്ന് പിൻമാറിയതിനാണ് ലീലയെ ദിനകർ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ജോലി കഴിഞ്ഞിറങ്ങുമ്പോൾ ലീലയോട് ദിനകർ സംസാരിക്കാൻ ശ്രമിച്ചു. സംസാരിക്കാൻ ലീല വിസമ്മതിച്ചതോടെ ദിനകർ ലീലയെ കുത്തുകയായിരുന്നു. മാരകമായി മുറിവേറ്റ ലീല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തുടർന്ന് റോഡിൽ ലീലയുടെ മൃതദേഹത്തിന് സമീപം ഇരുന്ന പ്രതിയെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
