പുനെ: ബലാത്സംഗം ചെയ്തുവെന്ന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സ്ത്രീയെ പുനെയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പുനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ എച്ച് ആര്‍ മാനേജറിനെയാണ് സ്ത്രീ ഭീഷണിപ്പെടുത്തിയത്. 

ഏഴ് ലക്ഷം രൂപ നല്‍കാനാണ് എച്ച് ആര്‍ മാനേജറോട് യുവതി ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി. ആദ്യ ഗഡുവായി ഇവര്‍ 45000 രൂപ കൈപ്പറ്റിയിരുന്നു. ബാക്കി 655000 രൂപ എച്ച് ആര്‍ മാനേജര്‍ നല്‍കാതായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

സ്ത്രീക്കെതിരെ പരാതി ലഭിച്ചതോടെ ഇവരെ പിടികൂടാന്‍ പൊലീസ് നടപടിയാരംഭിച്ചു. ഇന്‍സ്പെക്ടര്‍ രാജേന്ദ്ര മൊഹൈല്‍ സബ് ഇന്‍സ്പെക്ടര്‍ നിലേഷ് കുമാര്‍  മഹാദിക് എന്നിവര്‍ ചേര്‍ന്നാണ് ശനിയാഴ്ച സ്ത്രീയെ അറസ്റ്റ് ചെയ്തത്. കോടതിക്ക് മുമ്പില്‍ ഹാജരാക്കിയ പ്രതിയെ ജനുവരി 29 വരെ റിമാന്‍റില്‍ ചെയ്തു.