ദില്ലി: മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹ അഭ്യർത്ഥന നിരസിച്ച കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകിയുടെ പ്രതികാരം. ദില്ലിയിലെ വികാസ്പുരി പ്രദേശത്താണ് സംഭവം നടന്നത്. ബൈക്കിൽ സഞ്ചരിക്കവേ കാമുകനെ ശരിയായി സ്പർശിക്കാൻ കഴിയുന്നില്ലെന്ന് കാണിച്ച്  ഹെല്‍മറ്റ് അഴിപ്പിച്ച ശേഷമായിരുന്നു മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു.

ജൂൺ 11നാണ് സംഭവം നടന്നത്. കമിതാക്കൾ ആക്രമിക്കപ്പെട്ടുവെന്ന ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇരുവരേയും പ്രവേശിപ്പിച്ച ആശുപത്രിയിൽ എത്തിയത്. യുവതിയുടെ കയ്യിൽ നേരിയ മുറിവും യുവാവിന്റെ മുഖവും കഴുത്തും നെഞ്ചും ഗുരുതരമായി പൊള്ളലേറ്റ നിലയിലും ആയിരുന്നു.

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഒരാൾ തങ്ങളുടെ നേർക്ക് ആസിഡ് എറിയുകയായിരുന്നുവെന്നാണ് കമിതാക്കൾ 
പൊലീസിന് മൊഴി നൽകിയത്. അതുകൊണ്ട് ഇരുവരേയും ആക്രമിച്ചത് ആരാണെന്ന് പൊലീസിന് ദിവസങ്ങളായിട്ടും കണ്ടെത്താനായില്ല. എന്നാല്‍ മൊഴി നല്‍കുന്നതിനിടയില്‍ ഒരിക്കല്‍ യുവതി തന്നോട് ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു എന്ന് യുവാവ് പറഞ്ഞത് നിര്‍ണ്ണായകമായി. തുടർന്ന് ഒരിക്കൽ കൂടി ചോദ്യം ചെയ്തപ്പോൾ യുവതി തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു.

സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബന്ധം അവസാനിപ്പിക്കാന്‍ യുവാവ് യുവതിയെ നിര്‍ബ്ബന്ധിച്ചു. എന്നാൽ തന്റെ അഭ്യർത്ഥന മാനിക്കാതിരുന്ന യുവാവിനെ ആക്രമിക്കാൻ യുവതി പദ്ധതിയിടുകയായിരുന്നു.