ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരതകള്‍. രണ്ട് യുവതികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവങ്ങളാണ് പുറത്തുവന്നത്. പടിഞ്ഞാറന്‍ യുപിയിലെ ബിജ്നോറില്‍ യുവതിയുടെ കട്ടിലില്‍ കെട്ടിയിട്ട് കത്തിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. സമീപത്ത് നിന്ന് മൂന്ന് തിരകളുടെ ഒഴിഞ്ഞ കവറും കണ്ടെത്തി. യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിലില്‍ കെട്ടി കത്തിച്ചതെന്നാണ് പൊലീസ് നിഗമനം. 

കുഴല്‍ക്കിണറിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഡിഎന്‍എ ശേഖരിച്ച് പരിശോധനക്കയച്ചിട്ടുണ്ടെന്നും സീനിയര്‍ പൊലീസ് ഓഫിസര്‍ ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കും. 

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ മറ്റൊരു യുവതിയുടെ മൃതദേഹം വസ്ത്രമില്ലാത്ത നിലയില്‍ കണ്ടെത്തി. മുഖം ആസിഡ് ഒഴിച്ച് പൊള്ളിയ നിലയിലാണ്. ഈ പെണ്‍കുട്ടിയെയും തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 20 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചറിയാന്‍ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.