ഇന്നലെ രാത്രി 11 മണിയ്ക്കായിരുന്നു കൊലപാതകം നടന്നത്. തിരുവനന്തപുരത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ മൂന്നുമാസമായി ബ്യൂട്ടീഷൻ കോഴ്സ് പഠിക്കുകയായിരുന്നു ബെര്‍നിഷ

കന്യാകുമാരി: കേരളത്തിന്റെ അതിർത്തി പ്രദേശമായ കന്യാകുമാരി ജില്ലയിലെ തക്കലയിൽ ഇന്നലെ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ കാരണമായത് വസ്ത്രധാരണവുമായി ബന്ധപ്പെട്ട തർക്കം. തക്കലയിൽ നടുറോഡിലാണ് ഇന്നലെ കൊലപാതകം നടന്നത്. അഴകിയ മണ്ഡപം തച്ചലോട് സ്വദേശി എബിനേസറാണ് ഭാര്യ ജെബ ബെർനിഷയെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച എബിനേസർ ഇപ്പോഴും ആശുപത്രിയിലാണ്. ആശുപത്രി വിട്ട ശേഷം എബിനേസറിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.

ഇന്നലെ രാത്രി 11 മണിയ്ക്കായിരുന്നു കൊലപാതകം നടന്നത്. തിരുവനന്തപുരത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ മൂന്നുമാസമായി ബ്യൂട്ടീഷൻ കോഴ്സ് പഠിക്കുകയായിരുന്നു ബെര്‍നിഷ. കോഴ്സിന് ചേർന്ന ശേഷം ബെര്‍നിഷയുടെ വസ്ത്ര ധാരണ രീതിയിൽ വന്ന മാറ്റത്തിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. ഈ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇരുവരെയും ബെർനിഷയുടെ അച്ഛൻ വീട്ടിലേക്ക് ക്ഷണിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം പാരയ്ക്കോട് റോഡിൽ വച്ച് വീണ്ടും ദമ്പതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ഷർട്ടിനുള്ളിൽ കരുതിയ അരിവാൾ കൊണ്ട് ബെർനിഷയെ എബിനേസര്‍ തല്യ്ക്ക് വെട്ടി. യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ എബിനേസർ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ പിന്നീട് കുഴിത്തുറ സർക്കാർ ആശുപത്രിയിലും മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക് പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും 13ഉും 14ഉം വയസ്സുള്ള രണ്ട് മക്കളുണ്ട്.