മുംബൈ: മഹാരാഷ്ട്രയിലെ ലോകമാന്യതിലക് റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ കാത്ത് നിന്ന യുവതി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇന്നലെ അർധരാത്രിയാണ് സംഭവം. യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ സ്റ്റേഷനിലെ കച്ചവടക്കാരടക്കം നാല് പേര്‍ അറസ്റ്റിലായി. 

സ്വദേശമായ മധ്യപ്രദേശിലെ പാറ്റ്നിയിലേക്ക് പോകാനായി അർധരാത്രിയോടെ റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു യുവതി. പ്ലാറ്റ് ഫോമിന്‍റെ ആൾത്തിരക്കില്ലാത്ത ഭാഗത്ത് നിന്നിരുന്ന യുവതിയെ സ്റ്റേഷനിലെ കച്ചവടക്കാരായ സോനു തിവാരി, നിലേഷ് ഭരാസ്കർ എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നു. സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. നിലവിളി കേട്ടെത്തിയ സിദ്ദാർഥ് വാഗ്, ശ്രീകാന്ത് ബോഗ്ലെ എന്നിവരും യുവതിയെ ബലാത്സംഗം ചെയ്തു. 

പ്രതികൾ പോയതോടെ തിരികെ പ്ലാറ്റ് ഫോമിലെത്തിയ യുവതി യാത്രക്കാരുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയും പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. യുവതിയുടെ പരാതി കിട്ടി രണ്ടു മണിക്കൂറിനകം പ്രതികളെയെല്ലാം പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. മുംബൈയിൽ വീട്ടു ജോലി ചെയ്ത് കുടുംബ പോറ്റുന്ന യുവതിക്ക് രണ്ട് മക്കളുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു.