ഡേറ്റിംഗ് സൈറ്റില്‍ നിന്ന് പരിചയപ്പെട്ട ഇന്ത്യക്കാരനായ വിദ്യാര്‍ഥിയെ ലൈംഗിക ബന്ധത്തിന് ശേഷം സെക്സ് ടോയ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ഒന്‍പത് വര്‍ഷത്തെ തടവ് ശിക്ഷ. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് സംഭവം. നിലവില്‍ ജയിലില്‍ കഴിയുന്ന മാനസികാരോഗ്യ പ്രശ്നമുള്ള യുവതിക്ക് 3 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാമെന്നും കോടതി വ്യക്തമാക്കി. ഡേറ്റിംഗ് സൈറ്റില്‍ നിന്നാണ് ഇന്ത്യക്കാരനായ മൌലിന്‍ റാത്തോഡിനെ ജെയ്മി ലീ ഡോല്‍ഗേ  പരിചയപ്പെടുന്നത്.

2018ലാണ് ആത്മഹത്യാ പ്രവണതയടക്കം കാണിച്ചിരുന്ന ജെയ്മി ആവശ്യപ്പെടുന്നതെന്തും ചെയ്യാമെന്ന വാഗ്ദാനത്തോടെ മൌലിന്‍ റാത്തോഡിനെ കണ്ടുമുട്ടിയത്. പതിനെട്ട് വയസ് പ്രായമുണ്ടായിരുന്ന ജെയ്മിയുടെ വീട്ടിലേക്കായിരുന്നു ഇരുവരും ഒരുമിച്ച് പോയത്. ലൈംഗികമായി ബന്ധപ്പെട്ട ശേഷം സെക്സ് ടോയ് ഉപയോഗിച്ച് ഇരുവരും ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു. ഗെയിം പോലെ തുടങ്ങിയ ശ്വാസം മുട്ടിക്കല്‍ ഇരുപത്തിനാലുകാരന്‍റെ കൊലപാതകത്തിലാണ് കലാശിച്ചത്. മൌലിന്‍ ബോധമറ്റ് വീണതോടെ ജെയ്മി തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

'അവനെ ഞാന്‍ ശ്വാസം മുട്ടിച്ചു, അത് രസമുണ്ടായിരുന്നു. കൊലപാതകി ആവാന്‍ താല്‍പര്യമുണ്ടായിരുന്നില്ല'. എന്നാണ് സംഭവത്തേക്കുറിച്ച് ജെയ്മി പൊലീസിനോട് പ്രതകരിച്ചത്. കൊലപാതകം നടത്തിയെങ്കിലും അത് ആസൂത്രിതമായ ഒന്നായിരുന്നില്ലെന്നും നരഹത്യമാത്രമാണ് ജെയ്മി ചെയ്തതെന്നുമാണ് കോടതി വിശദമാക്കിയത്. കേസില്‍ കൊല്ലാനുള്ള ഉദ്ദേശത്തോടെ ആയിരുന്നോ ജെയ്മിയുടെ ചെയ്തിയെന്ന കാര്യത്തിലായിരുന്നു വാദം നടന്നതും. പഴ്സണാലിറ്റി തകരാര്‍ അടക്കം കടുത്ത മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന ജെയ്മി മനപ്പൂര്‍വ്വമായിരുന്നില്ല കൊലപാതകം നടത്തിയതെന്നാണ് വിക്ടോറിയയിലെ കോടതി കണ്ടെത്തിയത്.  2018 ജൂലൈയില്‍ പൊലീസ് പിടിയിലായത്. 

ചെറുപ്പത്തില്‍ ശാരീരികമായ പീഡനം ഏറ്റുവാങ്ങി വളര്‍ന്ന ജെയ്മി പത്ത് വയസ് മുതല്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ സംരക്ഷണയില്‍ വളരുന്നതിനിടയില്‍ പതിനാല് തവണ ആത്മഹത്യാ ശ്രമം ജെയ്മി നടത്തിയിട്ടുണ്ട്. 18 വയസ് പൂര്‍ത്തിയായ ശേഷമായിരുന്നു ജെയ്മി തനിയെ താമസിക്കാന്‍ ആരംഭിച്ചത്. ജെയ്മി ആദ്യമായി ഡേറ്റ് ചെയ്ത വ്യക്തിയായിരുന്നു മൌലിന്‍ റാത്തോഡ്.