യുവതി ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെ ഒരു യുവാവ് ഇവരുടെ കൈയിൽ ബലമായി കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു.

കൊറിയയിൽ നിന്നുള്ള യുട്യൂബർക്ക് നേരെ മുംബൈ നഗരത്തിൽ ലൈംഗികാതിക്രമം. മുംബൈയിലെ ഖാർ എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ദക്ഷിണ കൊറിയയിൽ നിന്നുള്ള 24കാരിയായ യുട്യൂബർക്കാണ് മുംബൈയിലെ തിരക്കേറിയ തെരുവിൽ നിരവധി ആളുകള്‍ നോക്കിനിൽക്കേ അതിക്രമത്തിനിരയാകേണ്ടി വന്നത്. ബാന്ദ്രയുടെ വടക്കന്‍ മേഖലയിലാണ് സംഭവം നടന്ന ഖാര്‍ സ്ഥിതി ചെയ്യുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലൈവ് വീഡിയോ നിരവധിപ്പേരാണ് കണ്ടത്. ഇതിന് പിന്നാലെ ട്വിറ്ററിലും യുട്യൂബിലും രാജ്യത്ത് വിദേശ വനിതയ്ക്ക് നേരിടേണ്ടി വന്ന അതിക്രമത്തേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 

യുവതി ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെ ഒരു യുവാവ് ഇവരുടെ കൈയിൽ ബലമായി കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുട്യൂബറുമായി സംസാരിക്കുന്നതിനിടെ യുവാവ് കൈയിൽ കടന്നുപിടിക്കുന്നതും അയാളുടെ ബൈക്കിൽ കയറാൻ നിർബന്ധിച്ച് വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ ഇയാൾ ചുംബിക്കാൻ ശ്രമിക്കുന്നു. പകച്ചുപോയ യുവതി നിരന്തരം പ്രതിഷേധിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് ഇവർ മുന്നോട്ടു നടക്കുന്നു. ഇതിനിടെ യുവാവ് മറ്റൊരാളുമായി ബൈക്കിലെത്തി യുവതിയെ പിന്തുടരുകയും വാഹനത്തിൽ കയറാൻ നിർബന്ധിക്കുകയും ചെയ്യുന്നു. തന്റെ വീട് അടുത്താണെന്ന് പറഞ്ഞ് യുവതി മുന്നോട്ടു നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യുവതിയുടെ പ്രായം ചോദിച്ച ശേഷം ആയിരുന്നു യുവാവ് അതിക്രമം നടത്തിയത്. കയ്യില്‍ പിടിച്ച് വലിക്കുന്നതിനിടെ യുവതി നിഷേധിച്ചിട്ടും യുവാവ് അതിക്രമം തുടരുകയായിരുന്നു.

ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ നിരവധിപ്പേരാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. അതിക്രമം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും തക്കതായ ശിക്ഷ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് അതിക്രമത്തിനിരയായ യുവതിയും കുറിപ്പ് പങ്കുവച്ചു. ഒരു യുവാവ് അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നും ഒഴിഞ്ഞുമാറാൻ താൻ പരമാവധി ശ്രമിച്ചുവെന്നും യുവതി കുറിപ്പിൽ പറയുന്നു. എന്നാല്‍ താനാണ് അതിക്രമത്തിന് അവസരമൊരുക്കിയതെന്ന നിലയിലെ പ്രതികരണങ്ങള്‍ വന്നതിന് പിന്നാലെയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് ഇരുപത്തിനാലുകാരിയായ യുട്യൂബര്‍ വിശദമാക്കി.

Scroll to load tweet…

സംഭവത്തിന് പിന്നാലെ രണ്ട് യുവാക്കളും അറസ്റ്റിലായതായി മുംബൈ പൊലീസ് അറിയിച്ചു. ഔദ്യോഗിക പരാതി ലഭിച്ചിരുന്നില്ലെന്നും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. പുറത്ത് വന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ മൊബീൻ ചന്ദ് മൊഹമ്മദ് ഷെയ്‌ഖ്, മൊഹമ്മദ് നഖീബ് സദ്രിയാലം അൻസാരി എന്നിവരാണ് അറസ്റ്റിലായത്.